ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിലാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു. ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും. അതിനായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളുണ്ട്. അതെന്തൊക്കെയെന്ന് അറിയാം.
തണുത്ത വെള്ളത്തിലെ കുളി
ദിവസവും ഒരു തവണയെങ്കിലും കുളിക്കാൻ ശ്രമിക്കുക. ഇത് ശരീരം വൃത്തിയാക്കാനും ദുർഗന്ധമുണ്ടാക്കുന്ന ബാക്‌ടീരിയകളെ തടയാനും സഹായിക്കുന്നു. എന്നാൽ കുളിക്കാനായി തണുത്ത വെള്ളം ഉപയോഗിക്കുന്നത് ദുർഗന്ധം അകറ്റാൻ കൂടുതൽ ഗുണം ചെയ്യുന്നു. ശരീരത്തിലെ അമിത ഉഷ്‌മാവിനെ ഇല്ലാതാക്കാനും അത് വഴി വിയർപ്പ് കുറയ്ക്കാനും തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്.
റോസ് വാട്ടര്‍
റോസ് വാട്ടർ ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീര ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ അമിതമായി വിയർക്കുന്ന കക്ഷം, കഴുത്തിന്‍റെ ഭാഗം തുടങ്ങിയ ഇടങ്ങളിൽ റോസ് വാട്ടർ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണ
ശരീരത്തിലെ ദുർഗന്ധം അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്നതും പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നുമാണ് വെളിച്ചെണ്ണ. ആന്‍റി മൈക്രോബയൽ ഗുണങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ളതിനാൽ ദുർഗന്ധമുണ്ടാക്കുന്ന ബാക്‌റ്റീരിയകളുടെ വളർച്ച തടയാൻ ഇത് ഗുണം ചെയ്യുന്നു.
ഐസ് വാട്ടർ സ്പ്രേ
ഐസ് വാട്ടർ സ്പ്രേ വിയർപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ചൂടുകാലത്ത് പുറത്തിറങ്ങുമ്പോൾ ഐസ് വാട്ടർ സ്പ്രേ കരുതുക. ഇടയ്ക്കിടെ ഇത് മുഖത്ത് സ്പ്രേ ചെയ്യുന്നത് വിയര്‍പ്പിൽ നിന്നും ആശ്വാസം നൽകുന്നു.
ആപ്പിള്‍ സൈഡര്‍ വിനഗര്‍
ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ശരീരത്തിൽ അധികം വിയർക്കുന്ന ഭാഗങ്ങളിൽ ഇത് പുരട്ടുന്നത് വിയർപ്പ് നാറ്റം അകറ്റാൻ സഹായിക്കുന്നു. മാത്രമല്ല ബാക്‌ടീരിയകളെ നശിപ്പിക്കാനും ആപ്പിള്‍ സൈഡര്‍ വിനഗറിന്‍റെ ഉപയോഗം ഗുണം ചെയ്യും.
വേപ്പില
ധാരാളം ഒഷധ ഗുണങ്ങളുള്ള ഒന്നാണ് വേപ്പില. ആന്‍റി ബാക്റ്റീരിയൽ, ആന്‍റിസെപ്റ്റിക്, ആന്‍റി മൈക്രോബയൽ ഗുണങ്ങൾ വേപ്പിലയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇത് ഏറ്റവും നല്ലതാണ്. ശരീരത്തിലെ ബാക്‌ടീരിയ, വിഷവസ്‌തുക്കൾ എന്നിവ നീക്കം ചെയ്യാനും വേപ്പില സഹായിക്കുന്നു.
മഞ്ഞള്‍
ശരീരത്തിൽ വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ മഞ്ഞള്‍ നിങ്ങളെ സഹായിക്കും. മഞ്ഞൾ നന്നായി അരച്ച് ഇത് ശരീരത്തിൽ പുരട്ടുക. അല്പസമയത്തിന് ശേഷം കുളിക്കുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും മഞ്ഞള്‍ തേച്ച് കുളിക്കുന്നത് വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം നിയന്ത്രിക്കാൻ സഹായിക്കുന്നു.
നാരങ്ങ
വിയർപ്പ് നാറ്റം അകറ്റാൻ ഫലപ്രദമായ ഒന്നാണ് നാരങ്ങ. ആന്‍റിസെപ്റ്റിക്, ആന്‍റിമൈക്രോബയൽ ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. അതിനായി ഒരു നാരങ്ങ പകുതി എടുത്ത് അധികം വിയർക്കുന്ന ഭാഗങ്ങളിൽ പുരട്ടുക. 10 മുതൽ 15 മിനിറ്റിന് ശേഷം കഴുകി കളയാം.
വെള്ളം കുടിക്കുക
ദിവസത്തിൽ ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം. ആവശ്യമായ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്‌തുക്കൾ പുറംതള്ളാൻ സഹായിക്കുന്നു. മാത്രമല്ല ദുർഗന്ധമുണ്ടാക്കുന്ന ബാക്‌ടീരിയകളുടെ വളർച്ച തടയാനും ഇത് നല്ലൊരു മാർഗമാണ്.
Also Read: സൺ ടാൻ മാറി മുഖം തിളങ്ങും; ഇതാ ഗോതമ്പ് പൊടി കൊണ്ടുള്ള അടിപൊളി ഫേസ് പാക്കുകൾ