വീട് വൃത്തിയുള്ളതും ഭംഗിയുള്ളതുമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ദിവസവും വൃത്തിയാക്കിയിട്ടും ചില ഇടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കറകൾ വീടിനു വേണ്ടത്ര വൃത്തിയില്ല എന്ന തോന്നൽ ഉണ്ടാക്കുന്നു. ബാത്റൂമുകളിലെയും വാഷ്‌ബേസണിലെയും പൈപ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എത്ര വൃത്തിയാക്കിയാലും പോകാറില്ല. എന്നാൽ ഇനി ഇതോർത്ത് വിഷമിക്കേണ്ട, പൈപ്പുകളിലെ കറ നീക്കം ചെയ്യാൻ ഇതാ ചില അടിപൊളി ടിപ്പുകൾ !
നാരങ്ങ നീര്
ഒരു പാത്രത്തിൽ കുറച്ച് സർഫ് എടുക്കുക. ഇതിലേക്ക് ഒരു മുഴുവൻ നാരങ്ങയുടെ നീര് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം കറ പിടിച്ചിരിക്കുന്ന പൈപ്പിൽ പുരട്ടി ഒരു സ്‌ക്രബ്ബർ ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം അഞ്ച് മിനിറ്റിന് കഴിഞ്ഞ് വെള്ളം ഒഴിച്ച് വീണ്ടും നല്ലപോലെ കഴുകുക. ഇത് പൈപ്പുകളിലെ കറ നീക്കം ചെയ്യാൻ നല്ലൊരു മാർഗമാണ്.
പേസ്റ്റ്
നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് പൈപ്പുകൾ വൃത്തിയാക്കാൻ വളരെയധികം സഹായിക്കുന്നു. അതിനായി ഒരു പഴയ ബ്രഷിലേക്ക് അൽപം പേസ്റ്റ് പുരട്ടി കറ പറ്റിപ്പിടിച്ചിരിക്കുന്ന പൈപ്പുകളിൽ നന്നായി സ്ക്രബ്ബ് ചെയ്യുക. 10 മിനിറ്റിനു ശേഷം, ഹാൻഡ് ഷവർ ഉപയോഗിച്ച് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ പൈപ്പുകളുടെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സാധിക്കുന്നു.
വിനാഗിരി
ഒരു പാത്രത്തിലേക്ക് അൽപ്പം വെള്ളമെടുത്ത് അതിലേക്ക് കുറച്ച് വിനാഗിരിയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്‌പോഞ്ച് അല്ലെങ്കിൽ സ്‌ക്രബ്ബർ ഉപയോഗിച്ച് കറയുള്ള പൈപ്പുകളിൽ നന്നായി ഉരച്ച് കഴുകുക. അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. കറ പിടിച്ച പൈപ്പുകൾ പുതിയ പൈപ്പുകൾ പോലെ തിളങ്ങുന്നത് കാണാം.
ബേക്കിംഗ് സോഡയും നാരങ്ങാനീരും
കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങാനീരും ഒരു പത്രത്തിലേക്കിട്ട് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം കറ പിടിച്ചിരിക്കുന്ന ഭാഗങ്ങളിൽ പുരട്ടി ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നന്നായി സ്ക്രബ്ബ് ചെയ്യുക. ഇത് പൈപ്പിൽ ഒട്ടിപിടിച്ചിരിക്കുന്ന കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. ഈ നുറുങ്ങുകൾ പിന്തുടരുന്നതിലൂടെ കാലങ്ങളായി പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ വരെ നിങ്ങളെ സഹായിക്കുന്നു.