പല പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്‌തന വളർച്ച. അസാധാരണമാം വിധം പുരുഷന്മാരിൽ സ്‌തനങ്ങൾ വളരുന്നതിനെ ഗൈനകോമാസ്റ്റിയ എന്നാണ് വിളിക്കുന്നത്. ഗൈനകോമാസ്റ്റിയയിലെ ഗൈനോ എന്നാൽ സ്ത്രീയെന്നും മാസ്റ്റിയ എന്നാൽ സ്‌തനങ്ങൾ എന്നുമാണ് അർത്ഥം. ഈ രോഗത്തെ കുറിച്ച് നേരത്തെ കേട്ടറിവില്ലാത്തവരായിരിക്കും മിക്കവരും. എന്നാൽ ഇന്ന് കൗമാരക്കാർക്കിടയിൽ ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഗൈനക്കോമാസ്റ്റിയ. പുരുഷന്മാരുടെ ആത്മവിശ്വാസത്തെ തന്നെ തകർക്കുന്ന ഒരു രോഗമാണ് ഇത്. ഈ അസുഖത്തിന് ചികിത്സ തേടാൻ മടിക്കുന്നവരാണ് മിക്കവരും. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അസുഖം കൂടിയാണ് ഗൈനകോമാസ്റ്റിയ.
എന്താണ് ഗൈനക്കോമാസ്റ്റിയ?
പുരുഷന്മാരുടെ സ്‌തന കോശങ്ങൾ അസാധാരണമായി വളരുന്നതാണ് ഗൈനക്കോമാസ്റ്റിയ ഉണ്ടാകാൻ കാരണമാകുന്നതെന്ന് ഡോ അക്ഷയ് കുമാർ റൗട്ട് പറയുന്നു. പൊതുവെ രണ്ട് സ്‌തനങ്ങളേയും ബാധിക്കുന്ന രോഗമാണിത്. എന്നാൽ ചില കേസുകളിൽ ഒരു സ്‌തനത്തെ മാത്രവും ബാധിക്കാറുണ്ട്. എല്ലാ പ്രായക്കാരിലും ഗൈനക്കോമാസ്റ്റിയ കണ്ടുവരാറുണ്ടെങ്കിലും കൗമാരക്കാർക്കിടയിൽ ഇത് സാധാരണമാണ്. ഈ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറയാനും ചികിത്സ തേടാനും മടിക്കുന്നവരാണ് പല ചെറുപ്പക്കാരും. എന്നാൽ സ്‌തന വളർച്ച കണ്ടെത്തിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ അക്ഷയ് കുമാർ നിർദേശിക്കുന്നു.
ഏത് പ്രായത്തിലാണ് ഗൈനക്കോമാസ്റ്റിയ വികസിക്കുന്നത്?
കൗമാര പ്രായത്തിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി 12 മുതൽ 18 വയസ് വരെ പ്രായമുള്ള ആൺകുട്ടികളെയാണ് ഗൈനക്കോമാസ്റ്റിയ ബാധിക്കാറ്. സ്‌തന ആകൃതിയിലുണ്ടാകുന്ന വീക്കമാണ് സ്‌തന വലുപ്പം വർദ്ധിക്കാനുള്ള പ്രധാന കാരണം. എന്നാൽ മരുന്നിന്‍റെ സഹായത്തോടെ 6 മുതൽ 12 മാസത്തിനുള്ളിൽ ഗൈനക്കോമാസ്റ്റിയ പൂർണമായി അകറ്റാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. സർജറികളിലൂടെയും സ്‌തന വളർച്ച പരിഹരിക്കാൻ സാധിക്കുമെന്ന് ഡോ അക്ഷയ് കുമാർ റൗട്ട് പറഞ്ഞു.
ഗൈനക്കോമാസ്റ്റിയയുടെ കാരണങ്ങൾ
ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പൊതുവെ പൊണ്ണത്തടിയുള്ള കുട്ടികളിൽ ജങ്ക് ഫുഡ്, ഹോട്ടൽ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ നിന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ, കായിക വിനോദങ്ങളുടെയും ശാരീരിക പ്രവർത്തനങ്ങളുടെയും അഭാവം എന്നിവ ഗൈനക്കോമാസ്റ്റിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയാണ് ഈ രോഗത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാന കാരണങ്ങൾ.
അതേസമയം മയക്കുമരുന്നുകളുടെ അമിത ഉപയോഗം, കരൾ സംബന്ധമായ പ്രശ്‌നങ്ങൾ, വൃഷണ രോഗങ്ങൾ, അമിതമായി ആൻ്റാസിഡുകളുടെ ഉപയോഗം തുടങ്ങി മറ്റ് നിരവധി കാരണങ്ങളും ഗൈനക്കോമാസ്റ്റിയ പിടിപെടാൻ ഇടയാക്കാറുണ്ട്. ചില ആളുകളിൽ ഗൈനക്കോമാസ്റ്റിയ ജന്മനാ കണ്ടുവരാറുമുണ്ട്.
ഗൈനക്കോമാസ്റ്റിയയുടെ ചികിത്സ
സ്‌തന വളർച്ച ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുക. മരുന്നിന്‍റെ സഹായത്തോടെ 6 മാസം മുതൽ 1 വർഷത്തിനുള്ളിൽ രോഗം ചികിൽസിച്ച് ഭേദമാക്കാവുന്നതാണ്. രോഗം മൂർച്ഛിച്ചാൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്‌ടർ പറയുന്നു. 1 മുതൽ 2 മണിക്കൂർ മാത്രം സമയദൈർഖ്യം ആവശ്യമായ ലിപ്പോസക്ഷൻ പ്രക്രിയയിലൂടെയാണ് ഗൈനക്കോമാസ്റ്റിയ നീക്കം ചെയ്യുക. അതേസമയവും രോഗം ഭേദമായാൽ ആത്മവിസ്വാസം വീണ്ടെടുത്ത് മുന്നോട്ട് പോകാമെന്നും ഡോ അക്ഷയ് കുമാർ റാവുത്ത് പറഞ്ഞു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: അമിത വണ്ണം കുറച്ച് ഫിറ്റായിരിക്കാം; ചെലവ് കുറഞ്ഞ മാർഗങ്ങളിതാ...