ലോകത്ത് കൊളസ്‌ട്രോൾ കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം അതിവേഗമാണ് വർധിക്കുന്നത്. ഒരു സാധാരണ രോഗമായി കൊളസ്‌ട്രോൾ മാറിയെങ്കിലും ജീവിതശൈലിയിലും ആഹാര രീതിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങൾക്ക് സാധിക്കും. അതിൽ ഒന്നാണ് വെളുത്തുള്ളി. ദിവസവും വെള്ളുത്തുള്ളി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമാണെന്ന് വിദഗ്‌ധർ പറയുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെയാണ് സഹായിക്കുന്നത്? കഴിക്കേണ്ട രീതി, മറ്റു ആരോഗ്യ ഗുണങ്ങൾ എന്നിവയെ കുറിച്ച് പരിശോധിക്കാം.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വെളുത്തുള്ളിയുടെ പങ്ക്
ഉയർന്ന കൊളസ്ട്രോൾ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. ഇത് കൃത്യമായി നിയന്ത്രിക്കേണ്ടത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിൽ അസംസ്‌കൃത വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നതായി പ്രശസ്‌ത ന്യൂട്രിഷ്യനിസ്‌റ്റ് ഡോ ലഹരി സുരപനേനി വ്യക്തമാക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇത് മറ്റ് നിരവധി ഗുണങ്ങളും ശരീരത്തിന് നൽകുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് അലിയിക്കാനും രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും അല്ലിസിൻ സഹായിക്കുന്നു.
അസംസ്‌കൃത വെളുത്തുള്ളി എങ്ങനെ, എപ്പോൾ കഴിക്കണം
വെളുത്തുള്ളിയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന് അസംസ്‌കൃത രൂപത്തിൽ കഴിക്കേണ്ടത് പ്രധാനമാണ്. ദിവസവും വെറും വയറ്റിൽ രണ്ട് അല്ലി പച്ച വെളുത്തുള്ളി ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വെളുത്തുള്ളിയുടെ രുചി ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് സ്വാദിനെ നിർവീര്യമാക്കാൻ സഹായിക്കും. ചതച്ച വെളുത്തുള്ളിയും തേനും ചേർത്ത് കഴിക്കുന്നത് രുചി വർധിപ്പിക്കുന്നു.
വെളുത്തുള്ളിയുടെ അധിക ആരോഗ്യ ഗുണങ്ങൾ
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനു പുറമെ മറ്റ് ആരോഗ്യകരമായ ഗുണങ്ങളും വെളുത്തുള്ളി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കുന്ന ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ, അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്‌ടീരിയൽ ഗുണങ്ങൾ, വീക്കം കുറയ്ക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയുടെ പതിവ് ഉപഭോഗം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുക
വെളുത്തുള്ളി അസംസ്‌കൃതമായി കഴിക്കുന്നതിനു പകരം വിവിധ രൂപത്തിൽ കഴിക്കാവുന്നതാണ്. സലാഡുകൾ, സൂപ്പുകൾ, സോസുകൾ എന്നിവയിൽ അരിഞ്ഞ വെളുത്തുള്ളി ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുകയും ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും മറ്റു ഗുണങ്ങൾക്കും പച്ച വെളുത്തുള്ളി കഴിക്കുന്നതാണ് ഉത്തമം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.