സ്റ്റോക്ക്‌ഹോം (സ്വീഡൻ) : ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ ഏഴാംതവണയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. രാജ്യാന്തര ഹാപ്പിനെസ് ദിനത്തിന് മുൻപായാണ് യുഎൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇതിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങൾ ആധിപത്യം നേടുമ്പോൾ ഏറ്റവും പിന്നിൽ അഫ്‌ഗാനിസ്ഥാനാണ്.
ആരോഗ്യനിലവാരം മുതൽ ജിഡിപി വരെ പരിഗണിച്ചാണ് സസ്റ്റെയ്‌നബിൾ ഡെവലപ്മെന്‍റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് ഏറ്റവും സന്തോഷമുള്ള രാജ്യമേതെന്ന് നിർണയിക്കുന്നത്. തുടർച്ചയായി ഏഴാം തവണയും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ഫിൻലൻഡിൽ ഇത്രയും സന്തോഷം നിലനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും ?.
ആറുമാസത്തോളം സൂര്യനെത്താത്ത നാട്ടിൽ ഓരോ വർഷവും കാലാവസ്ഥ പ്രതികൂലമാകുമ്പോഴും അതൊന്നും ഫിന്നിഷ് ജനതയുടെ സന്തോഷം കെടുത്തുന്നില്ല. അതിശൈത്യത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന സാഹചര്യത്തെ പോലും സന്തോഷത്തോടെ തന്നെ മറികടന്നുപോകുന്നവരാണ് ഫിനിഷുകാർ.
പ്രകൃതി ഭംഗിയാണ് ഫിൻലൻഡിനെ മറ്റ് രാജ്യങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതിന്‍റെ മറ്റൊരു പ്രധാന കാരണം. പൈന്‍ മരങ്ങളാൽ ഇടതൂർന്ന കാടുകളും പുഴകളും തെളിഞ്ഞ തടാകങ്ങളുമൊക്കെ ഫിൻലൻഡിനെ പ്രകൃതി രമണീയമാക്കുന്നു. ഇതും ഫിനിഷുകാരുടെ സന്തോഷത്തിന്‍റെ ഒരു ഭാഗമാകാം.
താരതമ്യേന യൂറോപ്പിലെ തന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലൊന്നായ ഫിൻലന്‍ഡിലെ ജനങ്ങൾ വളരെ സഹകരണ മനോഭാവമുള്ളവരാണ്. മാത്രമല്ല കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യമായതിനാൽ തന്നെ അധിക സുരക്ഷിതത്വ ബോധവുമുള്ളവരാണ് ഫിനിഷുകാർ.
മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് പകർത്താൻ ശ്രമിക്കുന്ന ഒന്നാണ് ഫിൻലന്‍ഡിലെ വിദ്യാഭ്യാസ രീതി. പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയുള്ള പഠനമായതിനാൽ ഇവിടെ റെസ്റ്റുകളോ പരീക്ഷകളോ അസൈന്‍മെന്‍റുകളോ ഇല്ല. ആകെയുള്ളത് ബിരുദ പഠനത്തിന് മുൻപേയുള്ള പരീക്ഷയാണ്. വിദ്യാഭ്യസത്തിന്‍റെ പരമ്പരാഗത ശൈലിക്കുപകരം വിജ്ഞാനം കുട്ടികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു ഫിൻലൻഡിൽ കുട്ടികളെ വിദ്യാസമ്പന്നരാക്കുന്നത്.