ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) 92-ാമത് ദിനാചരണത്തിനിടെ ഉഷ്‌ണാഘാതത്തെ തുടർന്ന് അഞ്ച് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പരിസ്ഥിതി സംഘടനയായ പൂവുലഗിൻ നൻബർഗൽ. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മുൻകൂർ മുന്നറിയിപ്പായി ഈ സംഭവത്തെ കാണണമെന്ന് സംഘടന പറഞ്ഞു. വെറ്റ് ബൾബ് ടെമ്പറേച്ചറാണ് മരണങ്ങൾക്ക് കാരണമായതെന്നും സംഘടന പ്രവർത്തകർ പ്രതികരിച്ചു.
ചെന്നൈയിൽ മറീന ബീച്ചിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 15 ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സർക്കാരിന്‍റെ കെടുകാര്യസ്ഥതയെയും കുടിവെള്ള സൗകര്യമില്ലായ്‌മയെയും കുറിച്ച് നേരത്തെ പരാതികൾ ഉയർന്നിരുന്നു. അതിനിടെയാണ് വെറ്റ് ബൾബ് ടെമ്പറേച്ചറാണ് മരണങ്ങൾക്ക് കാരണമായതെന്ന് പ്രതികരണവുമായി പൂവുലഗിൻ നൻബർഗൽ സംഘടന രംഗത്തെത്തിയത്.
വെറ്റ് ബൾബ് ടെമ്പറേച്ചർ എങ്ങനെ ബാധിക്കുന്നു?
വെറ്റ് ബൾബ് ടെമ്പറേച്ചർ 30 ഡിഗ്രി കടക്കുമ്പോൾ അത് അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശരീരത്തിലെ വിയർപ്പ് കുറയ്ക്കുകയും ചൂട് പുറന്തള്ളാതെ വരുകയും ചെയ്യുമ്പോൾ ഹീറ്റ് സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകും. ഇത് ആന്തരിക അവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കുകയും മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല ഒരേ സ്ഥലത്ത് കൂടുതൽ ആളുകൾ ഒത്തുകൂടുമ്പോൾ മെർക്കുറി ലെവൽ 2 ഡിഗ്രി ഉയരാൻ കാരണമാകും. മറീന ബീച്ചിലെ 'വെറ്റ് ബൾബ് ടെമ്പറേച്ചർ' കാലാവസ്ഥ വ്യതിയാനത്തിന്‍റെ മുന്നറിയിപ്പാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ 'വെറ്റ് ബൾബ് ടെമ്പറേച്ചർ' മരണങ്ങൾ
കഴിഞ്ഞ ജൂണിൽ മാത്രം 1300 തീർത്ഥാടകരാണ് ഉഷ്‌ണതരംഗത്തിൽ മരിച്ചത്. 733 പേർക്ക് വേനൽക്കാലത്തെ കൊടും ചൂട് കാരണവും ജീവൻ നഷ്‌ടമായി. ഉത്തരേന്ത്യയിൽ ലോക്‌സഭാ ഇലക്ഷനിടെ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 58 പേരാണ് ഉഷ്‌ണക്കാറ്റിൽ മരിച്ചത്. പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സമാനമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിദഗ്‌ധർ പറയുന്നു.