ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ പഞ്ചായത്തിലെ വാർഡ് 1 വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ വാർഡ് മൂന്നിൽ വളർത്തുന്ന താറാവുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകിരിച്ചത്. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
സാമ്പിളുകളിൽ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച് 5 എൻ 1) പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ആരംഭിക്കാൻ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ദ്രുത കർമസേനയും അനുബന്ധ ഒരുക്കങ്ങളും എത്രയും വേഗം മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read: എച്ച് 3 എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന