ഇന്ന് ഏറ്റവും അധികം വർധിച്ചു വരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ഒരു തവണ വന്നാൽ ചികിത്സിച്ച് ഭേതമാക്കാനാകില്ല എന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രിയ്ക്കാൻ സാധിയ്ക്കും. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ എന്നിവ ഗ്ലുക്കോസിന്‍റെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. അത്തരത്തിൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന നാല് ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം.
നട്‌സ്
ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്‍റുകള്‍, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ നട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം, വാൽനട്ട്, പിസ്‌ത തുടങ്ങിയ നട്‌സ് മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യുമെന്ന് 2014 ൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ആപ്പിൾ & പീനട്ട് ബട്ടർ
പ്രമേഹ രോഗികൾ പീനട്ട് ബട്ടറിനൊപ്പം ആപ്പിൾ കഴിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ആപ്പിളിൽ ഫൈബറും ആന്‍റി ഓക്‌സിഡന്‍റ്‌സും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പീനട്ട് ബട്ടർ. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഗ്രീക്ക് യോഗർട്ട് & ബെറികൾ
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഒന്നാണ് ഗ്രീക്ക് യോഗർട്ട്. നാരുകളും ആൻ്റി ഓക്‌സിഡൻ്റുകളുടെയും കലവറയാണ് ബെറിപ്പഴങ്ങൾ. അതിനാൽ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ സരസഫങ്ങളും ഗ്രീക്ക് യോഗർട്ടും മിക്‌സ് ചെയ്‌ത് കഴിക്കുന്നത് ഗ്ലുക്കോസിന്‍റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ചിയ സീഡ് പുഡിംഗ്
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ഒന്നാണ് ചിയാ സീഡ്‌സ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് 2013 ൽ ജേണൽ ഓഫ് ഡയബറ്റിസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ബദാം പാൽ ചേർത്തുണ്ടാക്കുന്ന ചിയ സീഡ് പുഡിംഗ് പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാം; ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ...