ഹൈദരാബാദ് : വേനൽക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തണ്ണിമത്തനില്‍ കടുത്ത രാസവസ്‌തുക്കള്‍ കണ്ടെത്തിയതായി ഇൻഡോർ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്‌ധൻ. തണ്ണിമത്തനിലെ കടും ചുവപ്പ് നിറം കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതാകാം എന്നും അദ്ദേഹം പറഞ്ഞു.
'തണ്ണിമത്തന്‍റെ വലിപ്പവും നിറവും കൂട്ടാന്‍ രാസവസ്‌തുക്കളും മറ്റ് കൃത്രിമ പദാര്‍ഥങ്ങളും കുത്തിവയ്ക്കുന്നു. ഇവ ക്യാൻസറിനും മറ്റ് ഗുരുതര കരൾ, വൃക്ക രോഗങ്ങൾക്കും കാരണമാകുന്നു. മൊത്ത കച്ചവടത്തിലേക്കും ചില്ലറ വിപണിയിലേക്കും പ്രവേശിക്കുമ്പോള്‍ തന്നെ പഴത്തില്‍ വിഷം കുത്തിവയ്ക്കപ്പെടുന്നു' -എന്നും ഇൻഡോർ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്‌ധൻ പ്രീതി ശുക്ല പറഞ്ഞു.
പഴങ്ങൾ വേഗത്തിൽ പഴുക്കാന്‍, വ്യാപാരികളും കർഷകരും ദിവസേന അവയിൽ രാസവസ്‌തുക്കള്‍ കുത്തിവയ്ക്കുന്നുണ്ടെന്നും പ്രീതി ശുക്ല പറഞ്ഞു. 'പഴങ്ങളിൽ ലെഡ്, സോഡിയം ക്രോമേറ്റ് തുടങ്ങിയ രാസവസ്‌തുക്കൾ കുത്തിവയ്ക്കുന്നു, അവ പഴങ്ങള്‍ വലുപ്പമുളളതായി തോന്നിപ്പിക്കുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവില്ല' -ശുക്ല കൂട്ടിച്ചേർത്തു.
മറ്റെന്തിനേക്കാളും പഴങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പോഷകാഹാര വിദഗ്‌ധന്‍ അഭിപ്രായപ്പെട്ടു. 'എല്ലാ പഴങ്ങളിലും തന്നെ രാസവസ്‌തുക്കൾ തളിക്കുന്നതിനാൽ ആളുകൾ പഴങ്ങൾ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളത്തോട്ടമെന്ന ആശയം ട്രെൻഡിങ്ങാകുന്നതും ഇതുകൊണ്ടാണ്' -ശുക്ല കൂട്ടിച്ചേർത്തു.
എന്താണ് അടുക്കളത്തോട്ടം? : പരമ്പരാഗത അടുക്കളത്തോട്ടം അല്ലെങ്കിൽ പച്ചക്കറിത്തോട്ടം എന്നത് പുൽത്തകിടി കൊണ്ട് നിര്‍മിക്കപ്പെട്ട പ്രദേശങ്ങളാണ്. അവിടെ ഭക്ഷ്യയോഗ്യമായ ചെടികളും ഔഷധ സസ്യങ്ങളും വളർത്തുന്നു.
വിഷമുള്ള തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം? : തണ്ണിമത്തൻ മുറിക്കുമ്പോൾ ചുവന്ന പാടുകൾ കണ്ടാല്‍ അതില്‍ രാസവസ്‌തുക്കൾ ഉണ്ടാവാന്‍ സാധ്യതയുണ്ട്. 'തണ്ണിമത്തൻ മുറിക്കുമ്പോൾ അതിൽ നിന്ന് ഒരു കഷ്‌ണം എടുത്ത് വെള്ളത്തിൽ മുക്കുക, കുറച്ച് സമയത്തിനുള്ളിൽ വെള്ളം ചുവപ്പ് നിറത്തിലായാല്‍ പഴത്തിൽ രാസവസ്‌തുക്കൾ കുത്തിവച്ചിട്ടുണ്ട് എന്നാണ് അര്‍ഥം. അതുപോലെ, തണ്ണിമത്തന്‍ മുറിച്ചതിന് ശേഷം കോട്ടൺ ഉപയോഗിച്ച് തുടയ്ക്കുക, കോട്ടണിന്‍റെ നിറം മാറിയാല്‍ അതിനര്‍ഥം രാസവസ്‌തുക്കൾ കുത്തിവച്ചിട്ടുണ്ട് എന്നാണ്. മനുഷ്യ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്ന അത്യന്തം മധുരമുള്ള തണ്ണിമത്തനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം' -എന്നും പ്രീതി ശുക്ല പറഞ്ഞു.
ALSO READ: ചിരി ഒരു മരുന്ന്, ശാരീരിക-മാനസിക ആരോഗ്യത്തിന് അത്യുത്തമം; ഇന്ന് ലോക ചിരിദിനം - World Laughter Day