ഈ അടുത്തിടെ ബോളിവുഡ് താരം അർജുൻ കപൂർ താൻ നേരിടുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഓട്ടോ ഇമ്മ്യൂൺ ഡിസോഡറായ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് എന്ന രോഗം തന്നെ തളർത്തിയിരുന്നതായി ഒരു അഭിമുഖത്തിനിടെയാണ് താരം വെളിപ്പെടുത്തിയത്. രോഗത്തിനെതിരെയുള്ള പോരാട്ടം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നും ആരോഗ്യത്തെയും ജീവിതരീതിയെയും എങ്ങനെ ബാധിച്ചുവെന്നുമൊക്കെ അർജുൻ തുറന്നു പറയുന്നുണ്ട്. തൈറോയ്‌ഡ് പ്രശ്‌നത്തിന്‍റെ ഗൗരവകരമായ അവസ്ഥയാണ് ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്. സ്വന്തം ആന്‍റിബോഡീസ് ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണിതെന്നും താരം വ്യക്തമാക്കുന്നു.
എന്താണ് ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്?
ഹൈപോതൈറോയ്‌ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് തൈറോഡൈറ്റിസ്. ക്രോണിക് ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ് എന്നും ഇതിനെ വിളിക്കാറുണ്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കുന്നത്. തൈറോയ്‌ഡ് കോശങ്ങൾക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം ആക്രമിക്കും. ഇതിന്‍റെ ഫലമായി തൈറോയ്‌ഡ് ഹോർമോൺ ഉത്പാദനം കുറയ്ക്കാനും പ്രവർത്തനരഹിതമാകാനും കാരണമാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഹാഷിമോട്ടോസ് തൈറോഡൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ എന്തൊക്കെ ?
- ഗോയിറ്റർ
- അമിതക്ഷീണം
- വണ്ണം കൂടുക
- തണുപ്പ് അനുഭവപ്പെടുക
- പേശികളിലും സന്ധികളിലും വേദന
- മലബന്ധം
- വിളറിയ, വീർത്ത മുഖം
- മുടിയും ചർമവും വരണ്ടതാകുക
- മുടികൊഴിച്ചിൽ
- ആർത്തവക്രമക്കേടുകൾ
- മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്
Also Read : തൈറോയ്‌ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ