ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ. ഒരു സംരക്ഷണ കവചമായാണ് ഇത് പ്രവർത്തിക്കുന്നത്. മെറ്റബോളിസം, അവയവങ്ങളുടെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ വിറ്റാമിൻ വളരെയധികം സഹായിക്കുന്നു. എന്നാൽ വിറ്റാമിൻ അളവ് കുറഞ്ഞാൽ ഇവയുടെ പ്രവർത്തനങ്ങൾ തകരാറിലാകുകയും മന്ദഗതിയിലാവുകയും ചെയ്യും.
എല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. ഇതിനു പുറമെ ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും വിറ്റാമിൻ സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അഭാവം പ്രതിരോധശേഷി കുറയാനും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കാനും കാരണമാകുന്നു. കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. അതിനാൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി അളവ് നിലനിർത്താൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്‌ധ ഡോ ലക്ഷ്‌മി കിലാരു പറയുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
പാൽ, യോഗേർട്ട്
വിറ്റാമിൻ ഡി വർധിപ്പിക്കുന്നതിനായി പാലും യോഗേർട്ടും വളരെയധികം സഹായിക്കുന്നു. ഇതിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുള്ളതിനാൽ തന്നെ മഴക്കാലങ്ങളിൽ ഇത് കഴിക്കുന്നതിലൂടെ വിറ്റമിൻ ഡിയുടെ അഭാവം ഒഴിവാക്കാൻ സഹായിക്കുന്നു.
മത്സ്യം
മത്സ്യത്തിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച് കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, ട്യൂണ, അയല, മത്തി തുടങ്ങിയവ വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്‌ടമാണെന്ന് ഡോ ലക്ഷ്‌മി കിലാരു ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈ മൽസ്യങ്ങൾ കഴിക്കുന്നത് വിറ്റാമിൻ ഡിയുടെ അഭാവം ഒഴിവാക്കാം.
കൂൺ
സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെ വളരുന്ന ചിലതരം കൂണുകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെന്ന് ഡോ ലക്ഷ്‌മി കിലാരു പറയുന്നു. കൂടാതെ കാൽസ്യം, ബി1, ബി2, ബി5, കോപ്പർ തുടങ്ങിയവ കൂണിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മഴക്കാലത്തുണ്ടാകുന്ന വിറ്റാമിന് ഡിയുടെ കുറവ് നികത്താൻ ഇത് ഗുണം ചെയ്യുന്നു.
മുട്ടയുടെ മഞ്ഞക്കരു
വിറ്റമിൻ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. ഇതിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സൂര്യകാന്തി വിത്തുകൾ
സൂര്യകാന്തി വിത്തുകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാൽ മഴക്കാലങ്ങളിൽ സൂര്യകാന്തി വിത്തുകൾ സാലഡ്, തൈര് എന്നിവയോടൊപ്പം ചേർത്ത് കഴിക്കാം. ഇത് നല്ല ഫലം നൽകുമെന്ന് പോഷകാഹാര വിദഗ്‌ധ അഭിപ്രായപ്പെടുന്നു.
ഇതിനു പുറമെ കോഡ് ലിവർ ഓയിൽ, ധാന്യങ്ങൾ, ചീസ്, സോയ പാൽ, ഓട്‌സ് തടുങ്ങിയവയിലും വിറ്റാമിൻ ഡി ധാരാളമായുണ്ട്. മഴക്കാലത്ത് ഇവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുമെന്ന് പോഷകാഹാര വിദഗ്‌ധ ഡോ ലക്ഷ്‌മി പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.