വ്ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതരാകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. "അങ്ങനെ ഞങ്ങള്‍ അത് ഇന്ന് ചെയ്‌തിരിക്കുന്നു"-എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ ജിതിന്‍ ലാല്‍, പാര്‍വ്വതി ഓമനക്കുട്ടന്‍, ആര്യ, അപര്‍ണ തോമസ്, ശ്രുതി രജനീകാന്ത്, ഷിയാസ് കരീം തുടങ്ങിയവര്‍ അര്‍ജ്യുവിനും അപര്‍ണയ്‌ക്കും മംഗളാശംസകള്‍ നേര്‍ന്നു.
"അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്‌മ ഗൃഹസ്ഥനായി. ഇനി ആര്?", "നിങ്ങള്‍ ഇവിടെ സിഗ്‌മ കളിച്ച് ഇരിക്ക്, ഞാന്‍ ഒന്ന് പോയി കല്യാണം കഴിച്ചിട്ട് വരാം", "ഔദ്യോഗികമായി നിങ്ങളെ സിഗ്‌മ ഗാംഗില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നു", "അണ്ണന്‍റെ കല്യാണത്തിന് ഓരിയിടല്‍ ഒന്നും ഇല്ലായിരുന്നില്ല അത്രേ. സിഗ്‌മകളുടെ കരച്ചില്‍ ആയിരുന്നു", "അര്‍ജുനെ റോള്‍ മോഡലാക്കി സിഗ്‌മയായി ജീവിച്ച ഞാന്‍" -തുടങ്ങി രസകരമായ കമന്‍റുകളാണ് അര്‍ജ്യുവിന്‍റെ കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സീരിയല്‍ റോസ്‌റ്റിംഗ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് അര്‍ജ്യു. യൂട്യൂബിലും ഇന്‍സ്‌റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് അര്‍ജ്യു.
അടുത്തിടെയാണ് അര്‍ജ്യു താന്‍ പ്രണയത്തിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍. അര്‍ജ്യുവിന്‍റെ ഈ വെളിപ്പെടുത്തല്‍ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു.
"റൈറ്റ് പേഴ്‌സണ്‍ അറ്റ് ദി റൈറ്റ് ടൈം, നീ എന്നില്‍ ചിരി ഉണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല" -എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ടായിരുന്നു അര്‍ജ്യുവിന്‍റെയും അപർണയുടെയും വെളിപ്പെടുത്തല്‍. തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇരുവരും പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അണ്‍ഫില്‍റ്റേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്‌കാസ്‌റ്റ് ഷോ അവതരിപ്പിക്കുന്ന അപര്‍ണ അവതാരക കൂടിയാണ്.
Also Read: മകന് വേണ്ടി താലി ചാര്‍ത്തി അമ്മ; കണ്ണ് നിറഞ്ഞ് നെപ്പോളിയന്‍