എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് മലയാള സിനിമയെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങൾ നടന്നുകൊണ്ടിരിക്കെ നടൻ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്‌ടർ ടെസ് ജോസഫ് എക്‌സിലൂടെ ഉന്നയിച്ച ആരോപണം വീണ്ടും ചർച്ചയാകുന്നു. 2018 ൽ മീ ടൂ ക്യാമ്പയിൻ്റെ ഭാഗമായാണ് ടെസ് ജോസഫിൻ്റെ തുറന്നുപറച്ചിൽ സംഭവിച്ചത്.
അന്നത്തെ ടെസ് ജോസഫിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 19 വർഷം മുമ്പാണ് താൻ കോടീശ്വരൻ അടക്കമുള്ള ജനപ്രിയ പരിപാടികൾ ചെയ്‌തുകൊണ്ടിരുന്ന ഡെറക് ഒബ്രിയൻ അസോസിയേറ്റ്‌സിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മുകേഷ് ഭാഗമായ കോടീശ്വരൻ പരിപാടിക്കിടെ അദ്ദേഹത്തിൻ്റെ അവതരണം മികച്ചതാണെന്ന് തോന്നിയപ്പോൾ നേരിട്ട് അഭിനന്ദിച്ചു.
Yes it is. Mukesh Kumar actor / politician. pic.twitter.com/SGJmeSqg1I
— Tess Joseph (@Tesselmania) October 9, 2018
അന്നേദിവസം മുകേഷ് അടക്കം പരിപാടിയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഡിന്നറിന് ഒത്തുകൂടി. സന്തോഷത്തോടെ സൗഹാർദപരമായി പിരിഞ്ഞ ഡിന്നറിനു ശേഷം അന്ന് രാത്രി മുകേഷ് തന്നെ വീണ്ടുമൊരു ഡിന്നറിന് റൂമിലേക്ക് ക്ഷണിച്ചു. മുകേഷിൻ്റെ ആവശ്യം നിരസിച്ചതോടെ തൻ്റെ മുറിയിലേക്ക് മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നു. മുകേഷിൻ്റെ നിരന്തരമായുള്ള ഫോൺകോൾ തന്നെ ശല്യം ചെയ്യുന്നു എന്ന് ബോധ്യമായതോടെ സുഹൃത്തിൻ്റെ മുറിയിലാണ് അന്നേദിവസം കഴിച്ചുകൂട്ടിയത്.
അടുത്ത ഷെഡ്യൂളിൽ തനിക്ക് താമസിക്കാൻ ഏർപ്പെടുത്തിയ മുറി മുകേഷിൻ്റെ തൊട്ടടുത്തായിരുന്നു. മുകേഷിന് താനുമായി അടുക്കാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു പ്രവർത്തി എന്ന് മനസിലാക്കിയ താന്‍, ഡെറക് ഒബ്രിയനോട് ഫോണിൽ കാര്യം അവതരിപ്പിച്ചു. മുകേഷ് തന്നെ വീണ്ടും ശല്യം ചെയ്യും എന്ന് മനസിലാക്കിയ ഡെറിക്, തനിക്ക് തിരികെ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കി തരികയായിരുന്നുവെന്നും അക്കാലത്ത് ടെസ് തുറന്നു പറഞ്ഞിരുന്നു.
ടെസ് ജോസഫിൻ്റെ ഈ വാക്കുകളാണ് മുകേഷിനെതിരെയുള്ള ആരോപണമായി ഇപ്പോൾ ഉയർന്നുവരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവായ ഡെറക് ഒബ്രിയൻ ഇപ്പോൾ രാജ്യസഭാംഗം കൂടിയാണ്.
Also Read: 'പുറത്ത് കാണുന്നതല്ല അയാളുടെ യഥാര്‍ഥ മുഖം' സിദ്ദിഖിനെതിരെ ആരോപണവുമായി നടി