ലൈംഗികാരോപണ കേസിൽ അറസ്‌റ്റ് ഭയന്ന് ഒളിവിലാണ് നടൻ സിദ്ദിഖ്. മലയാള സിനിമയില്‍ തിരക്കുള്ള നടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്‍റെ തിരോധാനം മലയാള സിനിമയുടെ ചിത്രീകരണത്തെ ബാധിക്കുമോ?
നിരവധി തമിഴ് പ്രോജക്‌ട് അടക്കമുള്ള സിനിമകളാണ് സിദ്ദിഖിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചിത്രീകരണം പാതിവഴിയിൽ നിൽക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'റാം' ഉടന്‍ പുനരാരംഭിക്കുമെങ്കില്‍, സിദ്ദിഖ് എന്ന നടന്‍റെ അഭാവം മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടാകും.
മുൻനിര ചിത്രങ്ങൾക്ക് സിദ്ദിഖിന്‍റെ അഭാവം നിലവിലെ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയില്ലെന്ന് മുന്‍നിര പ്രൊഡക്ഷൻ കൺട്രോളര്‍മാരും, എ.എസ് ദിനേശ് അടക്കമുള്ള പിആർഒകളും ഇടിവി ഭാരതിനോട് അഭിപ്രായപ്പെട്ടു.
നിലവിൽ രണ്ട് മലയാള ചിത്രങ്ങളിലാണ് സിദ്ദിഖ് അഭിനയിച്ചു കൊണ്ടിരുന്നത്. അജു വർഗീസ് കേന്ദ്ര കഥാപാത്രമാകുന്ന 'പടക്കുതിര' ആണ് ഒരു ചിത്രം. സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി സിദ്ദിഖിനെ കാസ്‌റ്റ് ചെയ്‌തിരുന്നു. സലോണ്‍ സൈമൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മൂവാറ്റുപുഴയിൽ പുരോഗമിക്കുകയാണ്.
'പടക്കുതിര'യുടെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നതും, അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നത് അടക്കമുള്ള സംഭവ വികാസങ്ങൾ നടക്കുന്നതും. ഇതോടെ സിദ്ദിഖിന് സിനിമയുടെ ഭാഗമാകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നടന്‍റെ അനുവാദത്തോടെ രഞ്ജി പണിക്കരെ ഈ റോളിലേയ്‌ക്ക് കാസ്‌റ്റ് ചെയ്‌തു. സിദ്ദിഖ് അഭിനയിച്ച രംഗങ്ങൾ ഇതിനോടകം രഞ്ജി പണിക്കരെ വച്ച് അണിയറ പ്രവർത്തകർ റീ ഷൂട്ട് ചെയ്‌തു.
'മാളികപ്പുറം' തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ രചനയിൽ ഒരുങ്ങുന്ന 'ആനന്ദ് ശ്രീബാല' എന്ന ചിത്രത്തിലും സിദ്ദിഖ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് വിഷ്‌ണു വിനയ് ആണ്. എന്നാൽ ഈ ചിത്രത്തില്‍ സിദ്ദീഖ് തന്‍റെ റോള്‍ അഭിനയിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ', ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന സിജു വിൽസൺ പ്രധാന വേഷത്തിലെത്തുന്ന 'പുഷ്‌പകവിമാനം' തുടങ്ങി ചിത്രങ്ങളും സിദ്ദിഖ് തന്‍റെ റോള്‍ പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മൂന്ന് മാസമായി സിദ്ദിഖ് ഏറ്റെടുക്കുന്ന സിനിമകളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചുമതലകൾ ഏറ്റെടുത്ത ശേഷമാണ് സിനിമകള്‍ കുറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.