മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടനാണ് വിജയ് സേതുപതി. നായകനായി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ടിരിക്കുന്ന സമയത്താണ് കരിയറിൽ പല പരീക്ഷണങ്ങൾക്കും താരം മുതിരുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക കൃതി ഷെട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുഗു ചിത്രം ഉപ്പെനയിൽ വില്ലൻ വേഷവുമായി എത്തിയ വിജയ് സേതുപതിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
തുടർന്ന് മാസ്റ്റർ, വിക്രം, ജവാൻ തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങളിൽ വരെ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി വിജയ് സേതുപതി തിളങ്ങി. ഇപ്പോഴിതാ കരിയറിൽ ഇനി വില്ലൻ വേഷങ്ങൾക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മഹാരാജ'യുടെ പ്രമോഷണൽ വേളകൾക്കിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. കൈതി 2 വിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് താരം തുടങ്ങിയത്.
കൈതിയുടെ രണ്ടാം ഭാഗത്തില്‍ ഞാൻ അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ വ്യാജമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ (LCU) ഭാഗമായ ചിത്രമാണ് കൈതി 2. വിക്രം സിനിമയിൽ തന്‍റെ കഥാപാത്രമായ സന്ദനത്തെ കൊന്ന് കളയുകയാണല്ലോ.
പിന്നെ ജീവനോടെ വരണമെങ്കിൽ എന്തെങ്കിലും ഫാന്‍റസി വേർഷൻ ലോകേഷ് എഴുതി പിടിപ്പിക്കണം. അയാൾ അത് ചെയ്യില്ല. കൈതി ഫസ്റ്റ് വേർഷനിലും ഞാൻ അഭിനയിച്ചിട്ടില്ല.
അല്ലെങ്കിലും ഇനി ഒരിക്കൽ കൂടി വില്ലനായി അഭിനയിക്കാൻ ഞാനില്ല. അഭിനയ ജീവിതത്തിനിടയിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനിടയിൽ സംഭവിച്ച് പോയതാണ് വില്ലൻ വേഷങ്ങൾ. ഹീറോ ഓറിയന്‍റഡ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ടുതന്നെ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്നത് ചിലപ്പോൾ കരിയറിനെ ബാധിച്ചേക്കാം.
അല്ലെങ്കിലും വില്ലൻ കഥാപാത്രങ്ങളെ പറ്റി എനിക്ക് ചില സംശയങ്ങളുണ്ട്. ഈ സിനിമയിലെ വില്ലൻ എപ്പോഴും എന്തിനാണ് ദേഷ്യ ഭാവത്തിൽ മാത്രം കാണാൻ സാധിക്കുന്നത്. അയാൾക്ക് സന്തോഷമേ വരാറില്ലേ? പക്ഷേ ഞാൻ ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങൾ ആസ്വാദന നിലവാരം കൂടി ഉള്ളതാകണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.
പേട്ട, മാസ്റ്റർ, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ ഞാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ അയാൾ ജീവിതവും ആനന്ദകരമാക്കുന്നുണ്ടെന്ന് മനസിലാക്കാം. എന്തൊക്കെയാണെങ്കിലും എന്നെ നായകനാക്കി പടം എടുക്കാൻ മുന്നോട്ടുവരുന്ന സംവിധായകർക്കും നിർമ്മാതാക്കൾക്കും ഞാൻ സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാകും.
ജീവിതം എന്നും ഒരുപോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ചില മാറ്റങ്ങൾക്ക് വേണ്ടി ശ്രമിച്ചതാണ് ഇത്തരം കഥാപാത്രങ്ങളൊക്കെ. വില്ലൻ കഥാപാത്രങ്ങളെക്കുറിച്ച് ഒരു ചിന്ത കൂടിയുണ്ട്. നായകൻ ഉള്ളതുപോലെ പ്രണയ രംഗങ്ങളും പ്രണയഗാനങ്ങളും വില്ലന് എന്തുകൊണ്ട് നൽകിക്കൂട? എന്തായാലും വില്ലൻ കഥാപാത്രങ്ങൾക്ക് ഒരു ഇടവേള. ഇനി വില്ലൻ ആകാൻ ഞാനില്ല - വിജയ് സേതുപതി
Also Read:'വില്ലനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, കൽക്കിയില്‍ റോള്‍ ലഭിച്ചതില്‍ സന്തോഷം': കമൽ ഹാസൻ