ഹൈദരാബാദ് : ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഫാമിലി സ്‌റ്റാർ'. ഏപ്രിൽ 4 ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ വ്യാഴാഴ്‌ച (28-03-2024) സിനിമയുടെ നിർമാതാക്കൾ പുറത്തുവിട്ടു. ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം, രശ്‌മിക മന്ദാന തന്‍റെ ഇൻസ്‌റ്റാഗ്രാമിലൂടെ, വരാനിരിക്കുന്ന ചിത്രത്തിനും അതിന്‍റെ ടീമിനും ആശംസകളും നേർന്നു.
പിന്നാലെ രശ്‌മികയുടെ പോസ്‌റ്റില്‍ പ്രതികരണവുമായി ദേവരകൊണ്ടയും രംഗത്തെത്തി, രശ്‌മികയുടെ പോസ്‌റ്റിനെ 'ക്യൂട്ടസ്‌റ്റ്' എന്ന് വിജയ് വിശേഷിപ്പിക്കുന്നു. വെള്ളിയാഴ്‌ച (29-03-2024) തന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ, ഫാമിലി സ്‌റ്റാർ ട്രെയിലറിനോടുള്ള രശ്‌മികയുടെ പ്രതികരണം വിജയ് പങ്കിട്ടു. രശ്‌മികയുടെ പോസ്‌റ്റില്‍ ഏപ്രില്‍ 5 ന് തീയറ്റർ റിലീസ് ഒരുങ്ങുന്ന ഫാമിലി സ്‌റ്റാർ എന്ന ചിത്രത്തിനും അതിന്‍റെ ടീമിനും ആശംസകൾ എന്നാണ് എഴുതിയിരിക്കുന്നത്. രശ്‌മികയുടെ പോസ്‌റ്റിനോട് പ്രതികരിച്ചുകൊണ്ട് വിജയ് , "ക്യൂട്ടസ്‌റ്റ്'' എന്ന് എഴുതി ആ പോസ്‌റ്റ് സ്‌റ്റോറിയാക്കി.
ചിത്രത്തിൽ ഗോവർദ്ധൻ എന്ന ആർക്കിടെക്റ്റിന്‍റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. മൃണാൾ അവതരിപ്പിക്കുന്ന ഇന്ദു എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ വാടകക്കാരിയാണ്. ട്രെയിലറിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രണയത്തെക്കുറിച്ച് സൂചനയുണ്ട്. വിജയ് ദേവരകൊണ്ട - മൃണാൾ താക്കൂർ കെമിസ്‌ട്രിയും ട്രെയിലറിൽ ഹൈലൈറ്റാവുന്നുണ്ട്.
അതിൽ ചെറിയ തമാശയുടെ നിമിഷങ്ങളും ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധവും ഉൾപ്പെടുന്നു. ട്രെയിലറിൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ദൃശ്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്, ഇത് സിനിമയുടെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ആവേശം പകരുന്നു. തന്‍റെ കുടുംബത്തെ ഉപദ്രവിക്കുന്നവരെ എതിരിടാൻ ആയുധമേന്തുന്ന നായകനെയാണ് ട്രെയിലറിൽ കാണാനാവുന്നത്. ഏതായാലും അത്യുഗ്രൻ ആക്ഷൻ സ്വീക്വൻസുകളാൽ സമ്പന്നമായിരിക്കും 'ഫാമിലി സ്‌റ്റാർ' എന്ന സൂചനയും ട്രെയിലർ നൽകുന്നു.
വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് പരശുറാം പെറ്റ്‌ലയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ഫാമിലി സ്‌റ്റാർ. അഭിനയ, വാസുകി, രോഹിണി ഹട്ടങ്ങാടി, രവി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ രശ്‌മിക മന്ദാനയും ഒരു പ്രത്യേക വേഷം അവതരിപ്പിക്കുന്നുണ്ട്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.