ഹൈദരാബാദ്: തെന്നിന്ത്യൻ യൂത്ത് ഐക്കണായി ആരാധകർ വാഴ്‌ത്തുന്ന വിജയ് ദേവരകൊണ്ടയും ബോളിവുഡിന്‍റെയും ഒപ്പം തെന്നിന്ത്യയുടെയും പ്രിയങ്കരിയായ മൃണാൽ താക്കൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഫാമിലി സ്റ്റാർ' (Vijay Deverakonda Mrunal Thakur starring Family Star). ഈ വർഷം ഏപ്രിൽ 5ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ ഈ ചിത്രത്തിന്‍റെ പ്രധാന അപ്‌ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. സിനിയിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് സംബന്ധിച്ച വിവരമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Family Star movie Nandanandanaa Song Release Date out).
- " class="align-text-top noRightClick twitterSection" data="">
'ഫാമിലി സ്റ്റാറിലെ ആദ്യ ഗാനം 'നന്ദ നന്ദനാ' നാളെ (ഫെബ്രുവരി 7) പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെ വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന ട്രാക്കിന്‍റെ ലിറിക്കൽ പ്രൊമോയും ഇരുവരും പങ്കിട്ടു.
പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന 'ഫാമിലി സ്റ്റാർ' സിനിമയ്‌ക്ക് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് ഈണം ഒരുക്കുന്നത്. സിദ് ശ്രീറാം ആണ് നാളെ പുറത്തുവരാനിരിക്കുന്ന 'നന്ദ നന്ദനാ' ഗാനം ആലപിച്ചിരിക്കുന്നത്. അനന്ത് ശ്രീറാമിൻ്റെതാണ് വരികൾ.
ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ലിറിക്കൽ പ്രൊമോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിജയ് ദേവരകൊണ്ട - മൃണാൽ താക്കൂർ ജോഡിയുടെ പ്രണയ മുഹൂർത്തങ്ങളും സിദ്ധ് ശ്രീറാമിൻ്റെ ആലാപനവും ഈ ഗാനത്തിന്‍റെ മാറ്റ് കൂട്ടുന്നു. പ്രണയം നിറയുന്ന ഗാനത്തിന്‍റെ മുഴുവൻ വേർഷൻ പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇതാദ്യമായാണ് മൃണാലും വിജയ് ദേവരകൊണ്ടയും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്. വിജയ് ദേവരകൊണ്ടയുമായി സ്‌ക്രീൻ പങ്കിടുന്നതിൽ താൻ ശരിക്കും ത്രില്ലിലാണെന്ന് മൃണാൽ നേരത്തെ പറഞ്ഞിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ഈ സിനിമയുടെ നിര്‍മാണം. ഇത് രണ്ടാം തവണയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് വിജയ് ദേവരകൊണ്ട കൈ കൊടുക്കുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ 54-ാമത് ചിത്രവും വിജയ്‌യുടെ 13-ാമത്തെ സിനിമയുമാണ് 'ഫാമിലി സ്‌റ്റാര്‍'. സംവിധായകൻ പരശുറാം തന്നെയാണ് റൊമാൻ്റിക്-ആക്ഷൻ ഡ്രാമയായ 'ഫാമിലി സ്റ്റാറി'ന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. വിജയ്, മൃണാൾ എന്നിവരെ കൂടാതെ ദിവ്യാൻഷ കൗശിക്, അജയ് ഘോഷ്, അബിഗെയ്ൽ സ്കോബി എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം 'ലൈഗർ', 'കുഷി' എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി പരാജയം രുചിച്ച വിജയ് 'ഫാമിലി സ്റ്റാറി'ലൂടെ വിജയപാതയിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് 'ഹായ് നാണ്ണാ'യുടെ വിജയത്തിളക്കത്തിലാണ് മൃണാൽ താക്കൂർ. നാനി നായകനായി എത്തിയ 'ഹായ് നാണ്ണാ' ബോക്‌സോഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
മലയാളിയായ കെ യു മോഹനൻ ആണ് 'ഫാമിലി സ്റ്റാറി'ന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് മാർത്താണ്ഡ് കെ വെങ്കിടേഷും നിർവഹിക്കുന്നു. എ എസ് പ്രകാശാണ് ഈ ചിത്രത്തിന്‍റെ ആർട്ട് ഡയറക്‌ടർ.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന, 'വിഡി 12' എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ആക്ഷൻ ഡ്രാമയാണ് വിജയ് ദേവരകൊണ്ട നായകനായ എത്തുന്ന മറ്റൊരു ചിത്രം. കൂടാതെ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷ പടാനി എന്നിവർ അണിനിരക്കുന്ന, നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ ത്രില്ലർ 'കൽക്കി 2898 എഡി'യിലും വിജയ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.