മലയാള സിനിമയിൽ വിഎഫ്എക്‌സ് ഇന്ദ്രജാലം ഒരുക്കി രണ്ട് ചെറുപ്പക്കാർ. മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദർ' മുതൽ മഞ്ജു വാര്യരുടെ 'ഫുട്ടേജി'ന് വരെ വിഎഫ്‌എക്‌സ് ഒരുക്കി ഗോകുൽ വിശ്വവും, മനു പ്രസാദും. മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദർ' മുതൽ മഞ്ജു വാര്യരുടെ 'ഫുട്ടേജ്' വരെ, 110ൽ അധികം ചിത്രങ്ങൾക്ക് ഇരുവരും വിഎഫ്എക്‌സ് ഒരുക്കി.
മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ് ഫാദറി'ന്‍റെ മോഷൻ പോസ്‌റ്റര്‍ ചെയ്‌തു കൊണ്ടാണ് വിഎഫ്‌എക്‌സ് രംഗത്തേയ്‌ക്ക് ഗോകുലും മനുവും ചുവടുവയ്ക്കുന്നത്. അതുവരെ സിനിമകൾക്ക് മോഷൻ പോസ്‌റ്റര്‍ എന്ന കൺസെപ്റ്റ് പൊതുവെ കുറവായിരുന്നു. 'ഗ്രേറ്റ് ഫാദർ' സിനിമയുടെ മോഷൻ പോസ്‌റ്റര്‍ വലിയ രീതിയിൽ ചർച്ചയായതോടെ പ്രോമൈസ് സ്‌റ്റുഡിയോസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
2017ലാണ് ഇരുവരും ചേര്‍ന്ന് പ്രോമൈസ് സ്‌റ്റുഡിയോസ് ആരംഭിച്ചത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ്, ക്രിയാത്‌മക മേഖലയില്‍ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ചിന്തയിലാണ് ഇവര്‍ എറണാകുളം ഇടപ്പള്ളിയിൽ പ്രോമൈസ് സ്‌റ്റുഡിയോസ് ആരംഭിച്ചത്.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഇരുവരും ചേർന്നൊരു ഷോർട്ട് ഫിലിം ചെയ്‌തിരുന്നു. ഷോർട്ട് ഫിലിം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കല മേഖലയിൽ തന്നെ ചുവടുറപ്പിക്കണമെന്ന് ഇരുവരും തീരുമാനിച്ചത്.
ഇതിനോടകം 110ലധികം സിനിമകളുടെ വിഎഫ്‌എക്‌സ് ആണ് പ്രോമൈസ് സ്‌റ്റുഡിയോസ് കൈകാര്യം ചെയ്‌തത്. ഇരട്ട, പുലിമട, ചതുർമുഖം, അതിരൻ, തീവണ്ടി, ഫുട്ടേജ് , മലയാളി ഫ്രം ഇന്ത്യ, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളുടെ വിഎഫ്‌എക്‌സ് രംഗങ്ങളിൽ മനുവും ഗോകുലം അവരുടെ ഒപ്പമുള്ള ടീമും ചേർന്ന് പ്രേക്ഷകരെ അത്‌ഭുതപ്പെടുത്തി.
പലപ്പോഴും മനുവും ഗോകുലും കേൾക്കുന്ന സർവ്വസാധാരണമായ ഒരു ചോദ്യം ഉണ്ട്? മലയാള സിനിമയിൽ അതിന് മാത്രം വിഎഫ്‌എക്‌സ് ഉപയോഗിക്കുന്നുണ്ടോ? അതിനൊരു ഉദാഹരണം മുന്നിൽ വച്ചാണ് ഇരുവരും മറുപടി പറഞ്ഞത്. ഇതേകുറിച്ച് ഇരുവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ 'അതിരൻ' എന്ന ചിത്രത്തിൽ ഒന്നേകാൽ മണിക്കൂറിൽ കൂടുതൽ വിഎഫ്‌എക്‌സ് രംഗങ്ങളുണ്ട്. മലയാളി പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ എവിടെയെങ്കിലും കൃത്രിമത്വം തോന്നുകയാണെങ്കിൽ അത് അവരെ അലോസരപ്പെടുത്തും. അതുകൊണ്ട് തന്നെ പല രംഗങ്ങളും വിഎഫ്‌എക്‌സ് ഉപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിച്ചെടുത്തതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകരുത്. അവിടെയാണ് ഒരു വിഎഫ്‌എക്‌സ് കമ്പനിയുടെ വിജയം.
അതേ ചിത്രത്തിൽ ഫഹദ് ഫാസിലിന്‍റെ കഥാപാത്രം ഒരു കത്തികൊണ്ട് ഒരാളുടെ കഴുത്തിൽ കുത്തുന്ന രംഗമുണ്ട്. തിയേറ്ററിൽ ഏറ്റവും കയ്യടി നേടിയ രംഗമായിരുന്നു അത്. പക്ഷേ ആ സീൻ അഭിനയിക്കുമ്പോൾ ഫഹദിന്‍റെ കയ്യിൽ കത്തിയില്ല. കത്തി വിഎഫ്‌എക്‌സിലൂടെ പുനസൃഷ്‌ടിച്ചതാണ്.
'ഇരട്ട' സിനിമയിലെ ജോജു ജോർജിന്‍റെ പല ഡബിൾ ആക്ഷൻ രംഗങ്ങളും വിഎഫ്‌എക്‌സ് ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകില്ല. 'തീവണ്ടി' സിനിമയിൽ ഒരു കുഞ്ഞ് സിഗരറ്റ് വലിക്കുന്നത് വിഎഫ്‌എക്‌സിലൂടെ സൃഷ്‌ടിച്ചെടുത്തതാണ്. 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിൽ മരുഭൂമിയിൽ ഉള്ള 90% രംഗങ്ങളും വിഎഫ്‌എക്‌സ് സാങ്കേതികതയുടെ സാധ്യത ഉൾപ്പെടുത്തി ചിത്രീകരിച്ചിട്ടുള്ളതാണ്. അതേ ചിത്രത്തിൽ മരുഭൂമിയിൽ നിവിൻ പോളിയുടെ മാലിക് ആയി അഭിനയിക്കുന്ന പാക്കിസ്‌താനി കഥാപാത്രത്തിന്‍റെ വയർ വിഎഫ്‌എക്‌സ് കൊണ്ട് സൃഷ്‌ടിച്ചെടുത്താണ്.
തിരശ്ശീലയിൽ അത്‌ഭുതങ്ങൾ സൃഷ്‌ടിച്ച് മുന്നേറുകയാണ് ഗോകുലും മനുവും. മെഗാ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇരുവരും. ഒപ്പം പൂർണ്ണ പിന്തുണയുടെ പ്രോമൈസ് സ്‌റ്റുഡിയോസ് ടീം അംഗങ്ങളും.