ടൊവിനോ തോമസിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഐഡന്‍റിറ്റി'. സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ 'ഐഡന്‍റിറ്റി'യുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ഐഡന്‍റിറ്റി'യുടെ ടീസര്‍ റിലീസ് വിവരമാണ് താരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക ടീസര്‍ ഡിസംബര്‍ നാലിന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും. ചിത്രം 2025 ജനുവരിയില്‍ ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ 'ഫോറന്‍സിക്കി'ന്‍റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്.
തെന്നിന്ത്യന്‍ താരം തൃഷ കൃഷ്‌ണന്‍ ആണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ടൊവിനോ തോമസിന്‍റെയും തൃഷയുടെയും ആക്ഷന്‍ രംഗങ്ങളാണ് 'ഐഡന്‍റിറ്റി'യുടെ ഹൈലൈറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തെന്നിന്ത്യന്‍ നായികമാരില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് തൃഷ കൃഷ്‌ണന്‍. ഇതാദ്യമായല്ല താരം മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 'ഹേഡ് ജൂഡ്' എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായും ഇതിന് മുമ്പ് തൃഷ അഭിനയിച്ചിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 'റാമി'ലും തൃഷയാണ് നായികയായി എത്തുന്നത്.
മഡോണ സെബാസ്റ്റ്യനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനയ് റായ്, അജു വർഗീസ്, വിശാഖ് നായർ, ബോളിവുഡ് നടി മന്ദിര ബേദി, അർജുൻ രാധാകൃഷ്‍ണൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് 30 ദിവസത്തെ ചിത്രീകരണമാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം അണിയറപ്രവര്‍ത്തകര്‍ മാറ്റിവച്ചിരിക്കുന്നത്. ആകെ 100 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്‌ക്ക് വേണ്ടി പ്ലാന്‍ ചെയ്‌തിരിക്കുന്നതെന്നും സൂചനയുണ്ട്. ബെംഗളൂരു, കൊച്ചി, മൗറീഷ്യസ്, രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
'അജയന്‍റെ രണ്ടാം മോഷണം' ആണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയിനറാണ്. സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയാണ് ചിത്രം.