കുറ്റാരോപിതര്‍ മാറിനിൽക്കുന്നത് നല്ല തീരുമാനമാണെന്നും അത് നിഷ്‌പക്ഷമായ അന്വേഷണത്തിന് ഉപകരിക്കുമെന്നും നടന്‍ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് പല രീതിയിലുള്ള ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമ താരങ്ങൾക്കും സംവിധായകർക്കും പ്രൊഡക്ഷൻ കൺട്രോളർമാർക്കും നേരെ ഉയരുന്നത്. പ്രമുഖന്‍മാര്‍ അടക്കമുള്ള പല പേരുകളാണ് ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടൊവിനോ തോമസിന്‍റെ പ്രതികരണം.
'കുറ്റാരോപിതരായിട്ടുള്ള വ്യക്തികൾ മാറിനിൽക്കുന്നത് നല്ല തീരുമാനമാണ്. നിഷ്‌പക്ഷമായ അന്വേഷണത്തിന് അത് ഉപകരിക്കും. ഇനി അവർ കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം. അത് ധാർമികതയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം വിളിപ്പിച്ചാല്‍ മൊഴി നല്‍കും.
ലോകത്തെല്ലായിടത്തും ജോലിസ്ഥലത്ത് എല്ലാവരും സുരക്ഷിതമായിരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. അതിപ്പോൾ ഞാൻ പറഞ്ഞിട്ട് മറ്റുള്ളവർ അറിയേണ്ട കാര്യമല്ല. ഏതൊങ്കിലും ഒരു ഇന്‍ഡസ്‌ട്രിയിലോ ഒരു ജോലി സ്ഥലത്തോ മാത്രമല്ല ഇങ്ങനെയൊരു മാറ്റം വേണ്ടത്. സിനിമ മേഖലയില്‍ മാത്രമല്ല, മറ്റെല്ലാ തൊഴിലിടങ്ങളിലും സ്‌ത്രീകള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റം ഉണ്ടാകണം.
വളരെ സെന്‍സിറ്റീവായ കാര്യങ്ങളാണ്. ഇവിടെ നിയമം ഉണ്ട്. ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ? കുറ്റാരോപിതരെ മാധ്യമ വിചാരണ ചെയ്യണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അതിനല്ലേ ഇവിടെ നിയമവും കോടതിയും ഒക്കെ ഉള്ളത്. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിക്കാൻ ആകില്ല. ലോകത്ത് എവിടെയാണെങ്കിലും സ്ത്രീയ്‌ക്കും പുരുഷനും കുട്ടികൾക്കും ഒക്കെ സുരക്ഷിതത്വം ലഭിക്കേണ്ടത് മുഖ്യം തന്നെ.' -ടൊവിനോ തോമസ് പ്രതികരിച്ചു.