ലോസ് ഏഞ്ചല്‍സ് : ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായി ടു കില്‍ എ ടൈഗര്‍ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം. പ്രദര്‍ശനത്തിന് സാക്ഷിയായി ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസർമാരിൽ ഒരാളായ പ്രിയങ്ക ചോപ്ര ജോനാസും. ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാര അന്തിമ നോമിനേഷൻ പട്ടിക വന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഡോക്യുമെന്‍ററിയായിരുന്നു 'ടു കിൽ എ ടൈഗർ'. ഇന്ത്യൻ-കനേഡിയൻ എമ്മി ജേതാവ് നിഷ പഹുജയാണ് ചിത്രത്തിന്‍റെ സംവിധായിക.
ജാർഖണ്ഡ് സ്വദേശിയായ കർഷകൻ രഞ്ജിത്താണ് ചിത്രത്തിലെ യഥാർഥ നായകൻ. ലോസ് ഏഞ്ചൽസിലെ നെറ്റ്ഫ്ലിക്‌സ് ആസ്ഥാനത്ത് നടന്ന സ്ക്രീനിങ്ങിൽ, ബലാത്സംഗത്തിനിരയായ തന്‍റെ മകളെ ചേർത്ത് നിർത്തിയ രഞ്ജിത്തിന്‍റെ കഥാപാത്രത്തെ ടിവി നടൻ സാഹിൽ സലാത്തിയ പ്രശംസിച്ചിരുന്നു.
2017-ൽ ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 13 വയസുകാരിയായ തന്‍റെ മകൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരു പിതാവിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ കഥയാണ് ടു കിൽ എ ടൈഗർ. ബലാത്സംഗം ചെയ്‌ത ഒരാളെകൊണ്ട് തന്നെ മകളെ വിവാഹം കഴിപ്പിക്കാൻ സമൂഹത്തിൽ നിന്നുമുള്ള സമ്മർദമടക്കം നിരവധി പ്രയാസ ഘട്ടങ്ങളെ അതിജീവിക്കാനുള്ള രഞ്ജിത്തിന്‍റെ പോരാട്ടം കൂടിയാണ് സിനിമ.
എട്ട് വർഷമെടുത്ത് പൂർത്തീകരിച്ച ചിത്രത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. 21 അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളാണ് 'ടു കില്‍ എ ടൈഗര്‍' ഇതുവരെ നേടിയത്. 2022ല്‍ ടൊറന്‍റെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച ഡോക്യുമെന്‍ററി, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് ട്രാക്ക് എന്നിങ്ങനെ 15 അവാർഡുകളായിരുന്നു ഡോക്യൂമെന്‍ററി നേടിയത്.
2023ൽ ലൈറ്റ്ഹൗസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നോർത്ത് അമേരിക്കൻ പ്രീമിയർ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പാം സ്പ്രിങ്‌സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്‍ററി, ടിഐഎഫ്എഫിലെ ആംപ്ലിഫൈ വോയ്‌സ് അവാർഡ്, മികച്ച ഫീച്ചർ ഡോക്യുമെന്‍ററിക്കുള്ള കനേഡിയൻ സ്‌ക്രീൻ പുരസ്‌കാരം എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി അവാര്‍ഡുകള്‍ ടു കിൽ എ ടൈഗർ നേടിയിട്ടുണ്ട്. ഡയറക്‌ടേഴ്‌സ് ഗിൽഡ് ഓഫ് കാനഡ നിഷ പഹുജയ്ക്ക് 2023 ലെ എക്‌സലൻസ് ഇൻ ഡോക്യുമെന്‍ററി അവാർഡ് നൽകി ആദരിച്ചിരുന്നു.
ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകരായ മിണ്ടി കാലിംഗ്, ദേവ് പട്ടേൽ, പ്രിയങ്ക ചോപ്ര ജോനാസ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് നിർമാതാക്കൾ. മികച്ച ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിലേക്കുള്ള ഓസ്‌കറിനായി കടുത്ത മത്സരം കാഴ്‌ചവച്ചിരുന്നു ടു കിൽ എ ടൈഗർ. 20 ഡേയ്‌സ് ഇൻ മരിയുപോൾ, എ ഉക്രേനിയൻ വാർ സ്റ്റോറി, ബോബി വൈൻ: ദി പീപ്പിൾസ് പ്രസിഡൻ്റ് എന്നീ ചിത്രങ്ങളോടായിരുന്നു ടു കിൽ എ ടൈഗറിന്‍റെ മത്സരം.