ലോസ് ഏഞ്ചല്‍സ് : 'ടൈറ്റാനിക്', 'അവതാർ' എന്നീ ചിത്രങ്ങളുടെ നിർമാതാവ് ജോൺ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജെയിംസ് കാമറൂണിൻ്റെ വലംകൈയായിരുന്ന ലാൻഡൗ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്.
ലാൻഡയുടെ മകൻ ജേമി ലാൻഡൗവാണ് അദ്ദേഹത്തിന്‍റെ മരണവാർത്ത അറിയിച്ചത്. മരണ കാരണം വ്യക്തമല്ല. പാരാമൗണ്ടിൻ്റെ കാമ്പസ് മാൻ (1987) എന്ന ചിത്രത്തിന്‍റെ നിർമാണത്തിലൂടെയാണ് നിർമാതാവെന്ന നിലയിൽ ആദ്യ പ്രശംസ പിടിച്ചു പറ്റിയത്. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാല് സിനിമകളിൽ മൂന്നെണ്ണവും കാമറൂൺ - ലാൻഡൗ കൂട്ടുകെട്ടിൽ പിറന്നവയാണ്.
1960 ജൂലൈ 23-ന് ന്യൂയോർക്കിലാണ് ലാൻഡയുടെ ജനനം. മാൻഹട്ടൻ സിനിമ ഹൗസ് ഉടമകളും അമേരിക്കൻ ഫിലിം തിയേറ്റർ സ്ഥാപകാരുമായ എലി എ ലാൻഡൗ, എഡി ലാൻഡൗ എന്നിവരാണ് മാതാപിതാക്കൾ. 1980-കളിൽ പ്രൊഡക്ഷൻ മാനേജറായായിരുന്നു ലാൻഡയുടെ തുടക്കം.
ജോ ജോൺസ്റ്റണിൻ്റെ 'ഹണി ഐ ഷ്രങ്ക് ദി കിഡ്‌സ്', വാറൻ ബീറ്റിയുടെ 'ഡിക്ക് ട്രേസി' എന്നീ രണ്ട് ഡിസ്‌നി ചിത്രങ്ങളുടെ സഹ-നിർമാതാവായി. അവതാർ' സീരീസിന്‍റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം.