ന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്രമേഖലയ്ക്കുണ്ടായ മൂല്യച്യുതിയില്‍ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. പണമുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ നിന്ന് മാറി സിനിമ നിര്‍മ്മിച്ചാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു(Hindi cinema).
കഴിഞ്ഞ നൂറ് വര്‍ഷമായി ചലച്ചിത്രകാരന്‍മാര്‍ ഒരേ തരത്തിലുള്ള സിനിമകള്‍ തന്നെയാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തന്നെ നിരാശനാക്കുന്നു. ഹിന്ദി സിനിമയ്ക്ക് നൂറ് വയസായെന്നത് അഭിമാനകരമായ കാര്യമാണ്. താനിപ്പോള്‍ ഹിന്ദി സിനിമകളൊന്നും കാണാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് അവയൊന്നും ഇഷ്‌ടപ്പെടുന്നില്ലെന്നും 73കാരനായ താരം കൂട്ടിച്ചേര്‍ത്തു(Naseeruddin Shah).
ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഹിന്ദി സിനിമ കാണാന്‍ പോകുന്നുണ്ട്. അത് അവര്‍ക്ക് നാടുമായുള്ള സ്നേഹം കൊണ്ടാണ്. എന്നാല്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് മുഷിപ്പുണ്ടാകുന്നു(Meer Ki Dilli, Shahjahanabad).
ഇന്ത്യന്‍ ഭക്ഷണം എല്ലാവരും ഇഷ്ടപ്പെടുന്നു.കാരണം അവയ്ക്ക് ഒരു സത്തയുണ്ട്. എന്നാല്‍ ഹിന്ദി സിനിമകള്‍ക്ക് എന്ത് സത്തയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
ഗൗരവമുള്ള സംവിധായകര്‍ സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യം സിനിമകളിലൂടെ വരച്ച് കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പണത്തിനായി സിനിമ നിര്‍മ്മിക്കുന്ന സ്ഥിതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ എല്ലാവരും കാണുകയാണ്. ഇത് എത്രനാള്‍ തുടരാനാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ പുതിയ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഗൗരവകരമായ സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ ആരും നിങ്ങള്‍ക്കെതിരെ ഫത്വവകള്‍ പുറപ്പെടുവിക്കുകയില്ല. ഇഡി വന്ന് നിങ്ങളുടെ വാതിലില്‍ മുട്ടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികൃതരില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടും ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇറാനിയന്‍ സംവിധായകനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്തും ആര്‍ കെ ലക്ഷ്മണ്‍ കാര്‍ട്ടൂണുകള്‍ വരച്ചു കൊണ്ടേയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.