മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ തന്‍റെ സിനിമ ജീവിതത്തിന്‍റെ 46 വർഷം പൂർത്തിയാക്കുകയാണ്. 46 വർഷം മോഹൻലാലിന് നൽകിയ മലയാളികളുടെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലമാണ് 'ബാറോസ്' എന്ന ചിത്രം എന്ന് സംവിധായകൻ ടി കെ രാജീവ് കുമാർ അഭിപ്രായപ്പെട്ടു. ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലാണ് ഇ ടി വി ഭാരതിനോട് ബാറോസ് എന്ന ചിത്രത്തെപ്പറ്റി സംവിധായകൻ ടി കെ രാജീവ് കുമാർ സംസാരിച്ചത്.
മോഹൻലാൽ തന്‍റെ അടുത്ത സുഹൃത്താണെന്നും 'ബാറോസ്' എന്ന സിനിമയുടെ ആദ്യാവസാനം മോഹൻലാലിനോടൊപ്പം സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്നും ടി കെ രാജീവ് കുമാർ പറഞ്ഞു. പക്ഷേ സിനിമ റിലീസിന് തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിവർത്തിയില്ല. ചിത്രം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന സിനിമയാണ്.
ഇക്കാലത്ത് കുട്ടികളെ മുൻനിർത്തി സിനിമകൾ മലയാളത്തിൽ വളരെ കുറച്ചു മാത്രമേ സംഭവിക്കുന്നുള്ളൂ. ചിത്രം വളരെ മനോഹരമായ ആനന്ദം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് താൻ വിശ്വസിക്കുന്നു.
കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രം എന്നുള്ള നിലയിൽ ബാറോസിന് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുണ്ട്.
എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ആസ്വദിക്കാനാകും. ഒരുപക്ഷേ 46 വർഷം മലയാളികൾ മോഹൻലാലിന് നൽകിയ സ്നേഹത്തിന്റെ പ്രതിഫലം എന്നോണം ബറോസ് എന്ന സിനിമയെ വിലയിരുത്താം. അങ്ങനെ കരുതാനാണ് താനാഗ്രഹിക്കുന്നതെന്ന് ടി കെ രാജീവ് കുമാർ പ്രതികരിച്ചു.
സിനിമയുടെ ട്രെയിലറിലും പ്രേക്ഷകർക്ക് ഒരു ത്രീഡി അനുഭവം ആസ്വദിക്കാൻ ആകും. എല്ലാത്തരത്തിലും ഉള്ള ടെക്നോളജി ഇപ്പോൾ ലഭ്യമായത് കൊണ്ട് തന്നെ സിനിമയുടെ സ്വഭാവം പ്രേക്ഷകരിലേക്ക് കുറച്ചുകൂടി ആഴത്തിൽ എത്തുന്നതിനു വേണ്ടിയാണ് ട്രെയിലറിലും ഒരു ത്രീഡി സമീപനം നടത്തിയതെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു.
മോഹൻലാലിന്റെ സംവിധാന സംരംഭം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും ടി കെ രാജീവ് കുമാർ കൂട്ടിച്ചേർത്തു.
എല്ലാവർഷവും ഐ എഫ് എഫ്കെയുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. മേളയുടെ രണ്ടാം ദിവസം ആയതുകൊണ്ടുതന്നെ കുറച്ചധികം തിരക്കുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന ഫിലിം കാരിക്കേച്ചർ എക്സിബിഷന്റെ മേൽനോട്ടം വഹിക്കുകയാണ്.
സിനിമകൾ ഒന്നും തന്നെ കാണാൻ സാധിച്ചിട്ടില്ല. സിനിമകൾ കണ്ടശേഷം അഭിപ്രായം രേഖപ്പെടുത്താമെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു.