സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ ത്രസിപ്പിക്കുന്ന, കാണികളിൽ ആവേശം നിറയ്‌ക്കുന്ന ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. സരിഗമ തമിഴിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഒരു കോടിയിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് പീരിയോഡിക് ത്രീഡി സിനിമയായ 'കങ്കുവ'. യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമ്മാണം. ഏതാണ്ട് 350 കോടി രൂപ ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. 38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ് സിരുത്തൈ ശിവ ചിത്രം.
3ഡി, ഐമാക്‌സ് ഫോർമാറ്റുകളിലാണ് ഈ സിനിമ തിയേറ്റർ കീഴടക്കാൻ എത്തുക. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് 'കങ്കുവ' നിർമിച്ചിരിക്കുന്നത്. ടീസറും നേരത്തെ പുറത്തുവന്ന ഗ്ലിംപ്‌സും പോസ്റ്ററുകളുമെല്ലാം കങ്കുവയുടെ സാങ്കേതിക മികവ് ഉയർത്തിക്കാട്ടുന്നതാണ്.
- " class="align-text-top noRightClick twitterSection" data="">
ബോളിവുഡ് താരം ബോബി ഡിയോളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രതിനായക കഥാപാത്രത്തെയാണ് ബോബി ഡിയോൾ 'കങ്കുവ'യിൽ അവതരിപ്പിക്കുന്നത്. നടന്‍റെ തമിഴ് ചലച്ചിത്ര മേഖലയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. ബോളിവുഡ് താരം ദിഷ പടാനിയാണ് ഈ ചിത്രത്തിലെ നായിക.
അതേസമയം ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളാൽ സമ്പന്നമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ. സൂര്യയുടെ കങ്കുവയ്‌ക്കൊപ്പം ബോബി ഡിയോൾ അവതരിപ്പിക്കുന്ന ഉധിരൻ എന്ന കാഥാപാത്രത്തെയും ടീസറിൽ കാണാം. അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും ഈ ചിത്രമെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം.
സൂര്യയുടെ 42-ാമത്തെ ചിത്രം കൂടിയായ 'കങ്കുവ'യ്‌ക്കായി തിരക്കഥ ഒരുക്കിയത് ആദി നാരായണയും സംഭാഷണം എഴുതിയിരിക്കുന്നത് മദൻ കർക്കിയുമാണ്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വെട്രി പളനിസാമിയുമാണ്. നിഷാദ് യൂസഫ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. വേക, മദൻ കർക്കി എന്നിവരാണ് ഗാനരചന. ആമസോണ്‍ പ്രൈം വീഡിയോ ആണ് 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്.