സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്‌സ് സീരീസായ 'ഹീരമാണ്ഡി'യിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച് ബോളിവുഡിൽ തിളങ്ങുന്ന നടി സൊനാക്ഷി സിൻഹയുടെ 37-ാം ജന്മദിനമാണിന്ന്. താരപുത്രിയെ ആശംസകൾകൊണ്ട് മൂടുകയാണ് സിനിമാലോകം. ഇതിനിടെ ആരാധകരുടെ കണ്ണുടക്കിയത് സോഷ്യൽ മീഡിയയിൽ പുറത്തുവന്ന സോനാക്ഷിക്കുള്ള ഒരു ആശംസ പോസ്റ്റിലാണ്.
നടൻ സഹീർ ഇഖ്ബാലിന്‍റെ പോസ്റ്റാണിത്. സൊനാക്ഷിയുടെ കാമുകനാണ് സഹീർ ഇഖ്ബാൽ എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം ഹൃദയംഗമമായ ആശംസയ്‌ക്കൊപ്പം താരത്തിന്‍റെ കൂടെയുള്ള ഫോട്ടോകളും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാസ്വാദകർക്ക് പരിചിതനായ താരമാണ് സഹീർ ഇഖ്ബാൽ. "ജന്മദിനാശംസകൾ സോൻസ്'' എന്ന് കുറിച്ചുകൊണ്ടാണ് താരം സൊനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഇൻ്റർനെറ്റിൽ ഈ ചിത്രങ്ങൾ കൊടുങ്കാറ്റായി മാറി.
സൊനാക്ഷിയും സഹീറും തമ്മിലുള്ള അനിഷേധ്യമായ കെമിസ്‌ട്രിയാണ് ചിത്രം കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. 2022ൽ പുറത്തിറങ്ങിയ ഡബിൾ എക്‌സ്എൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച അഭിനയിച്ചത്. നേരത്തെ, തന്നെയും സൊനാക്ഷിയെയും ചുറ്റിപ്പറ്റിയുള്ള ഡേറ്റിങ് കിംവദന്തികളിൽ സഹീർ ഇഖ്ബാൽ പ്രതികരിച്ചിരുന്നു. മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഇനി വിഷമിക്കുന്നില്ലെന്നായിരുന്നു താരം അന്ന് പറഞ്ഞത്.
'കക്കുട'യാണ് സൊനാക്ഷിയുടെ വരാനിരിക്കുന്ന ചിത്രം. ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്. മെയ് 1 ന് നെറ്റ്‌ഫ്ലിക്‌സിലൂടെ പുറത്തുവന്ന, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത 'ഹീരമാണ്ഡി'യിലാണ് താരം ഏറ്റവും ഒടുവിൽ വേഷമിട്ടത്. എട്ട് എപ്പിസോഡുകളുള്ള ഈ സീരീസിൽ അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, മനീഷ കൊയ്‌രാള, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ, ഇന്ദ്രേഷ് മാലിക്, താഹ ഷാ ബാദുഷ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ALSO READ: 'സെക്‌സ് എജ്യുക്കേഷൻ' മുതൽ 'ഖുഫിയ' വരെ; പ്രൈഡ് മന്ത് ആഘോഷിക്കാം ഈ നെറ്റ്‌ഫ്ലിക്‌സ് ചിത്രങ്ങൾക്കൊപ്പം