'പ്രേമലു' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തില്‍ ജെകെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശ്യാം മോഹന്‍. ഇപ്പോഴിതാ ശ്യാം മോഹനനെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ.
ശിവകാർത്തികേയൻ നായകനാക്കുന്ന 'അമരന്‍' എന്ന സിനിമയുടെ പ്രൊമോഷനിടെയായിരുന്നു താരം ശ്യാം മോഹനനെ കുറിച്ച് വാചാലനായത്. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം കൊച്ചിയിൽ എത്തിയിരുന്നു. 'അമരനി'ൽ ശ്യാം മോഹനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരന്‍റെ വേഷമാണ് ചിത്രത്തിൽ ശ്യാമിന്.
'അമരന്‍റെ' ചിത്രീകരണം നടക്കുന്ന സമയത്ത് 'പ്രേമലു' എന്ന സിനിമ റിലീസ് ചെയ്‌തിരുന്നില്ല. 'അമരനി'ൽ ശ്യാം മോഹനൊപ്പം കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടെന്ന് ചടങ്ങില്‍ ശിവകാർത്തികേയൻ വെളിപ്പെടുത്തി. ചിത്രീകരണ ഇടവേളകളിൽ സഹപ്രവർത്തകരുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തല്‍പ്പരനാണ് ശിവകാർത്തികേയൻ. ഒരിടവേളയില്‍ താരം ശ്യാമിനോടും സംസാരിച്ചിരുന്നു.
മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു അഭിനേതാവ് എന്നാണ് ശ്യാം താരത്തോട് പറഞ്ഞിരുന്നത്. ഇതിനിടെ 'പ്രേമലു' റിലീസായി. കുടുംബത്തോടൊപ്പമാണ് 'പ്രേമലു' കണ്ടതെന്നും ശ്യാമിന്‍റെ ജെകെ എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നു എന്നുമാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.
സിനിമ കാണുന്നേരം ശ്യാം തനിക്കൊപ്പം 'അമരനി'ൽ അഭിനയിച്ചിരുന്നതായി ഭാര്യയോട് പറഞ്ഞതായും ശിവകാർത്തികേയൻ പറഞ്ഞു. അടുത്തിടെ കണ്ടതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ചിത്രമാണ് 'പ്രേമലു' എന്നും ശ്യാം മികച്ച അഭിനേതാവ് ആണെന്നും ശിവകാർത്തികേയൻ വേദിയിൽ പറഞ്ഞു.
മേജർ മുകുന്ദ് വരദരാജൻ എന്ന റിയൽ ലൈഫ് സോൾജിയറുടെ ജീവിതത്തെ ആസ്‌പദമാക്കി കഥ പറയുന്ന ചിത്രമാണ് 'അമരന്‍'. സായ് പല്ലവിയാണ് ചിത്രത്തിൽ ശിവകാർത്തികേയന്‍റെ നായികയായി എത്തുന്നത്. കമൽഹാസനും സോണി പിക്‌ച്ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. രാജ്‌കുമാർ പെരിയസ്വാമി ആണ് സിനിമയുടെ സംവിധാനം. ഒക്ടോബർ 31ന് ദീപാവലി ദിനത്തിൽ ചിത്രം തിയേറ്ററുകളില്‍ എത്തും.