മെറ്റ് ഗാല റെഡ് കാർപെറ്റ് അലങ്കരിക്കുന്ന ആദ്യ ഇന്ത്യൻ ഡിസൈനറായി ചരിത്രത്തിൽ തൻ്റെ പേര് എഴുതിച്ചേർത്ത് സബ്യസാചി മുഖർജി. ചൊവ്വാഴ്‌ച തൻ്റെ സബ്യസാചി റിസോർട്ട് 2024 ശേഖരത്തിൽ നിന്നുള്ള ഏറെ സങ്കീർണമായ എംബ്രോയ്‌ഡറി കോട്ടൺ ഡസ്റ്റർ കോട്ട് ധരിച്ച്, ടൂർമലൈനുകൾ, മുത്തുകൾ, മരതകങ്ങൾ, സബ്യസാചി ഹൈ ജ്വല്ലറിയിൽ നിന്നുള്ള വജ്രങ്ങൾ എന്നിവയുൾപ്പടെയുള്ള വിലയേറിയ ആഭരണങ്ങളും ധരിച്ചാണ് അദ്ദേഹം പരിപാടിയിൽ ശ്രദ്ധ നേടിയത്. തൻ്റെ മെറ്റ് ഗാല കാഴ്‌ചകൾ സബ്യസാചി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തു. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ നിന്നും പകർത്തിയ അതിശയിപ്പിക്കുന്ന, വേറിട്ട പോസുകളിലുള്ള ഫോട്ടോകളുടെ ഒരു പരമ്പരയും അദ്ദേഹം തൻ്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ അപൂർവ നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.
ഈ വർഷം, മെറ്റ് ഗാലയിൽ സബ്യസാചിയുടെ പങ്കാളിത്തം അദ്ദേഹത്തിൻ്റെ സ്വന്തം സാന്നിധ്യത്താൽ മാത്രമായിരുന്നില്ല. മെറ്റ് ഗാലയിൽ തിളങ്ങിയ ബോളിവുഡ് താരം ആലിയ ഭട്ടിനായി വസ്‌ത്രം രൂപകൽപ്പന ചെയ്‌തതും സബ്യസാചി ആയിരുന്നു "സ്ലീപ്പിംഗ് ബ്യൂട്ടി: റീവേക്കനിങ് ഫാഷൻ" എന്നതായിരുന്നു ഈ വർഷത്തെ മെറ്റ് ഗാലയുടെ പ്രമേയം. ഡ്രസ് കോഡാകട്ടെ "ദ ഗാർഡൻ ഓഫ് ടൈ"മും.
ഡ്രസ് കോഡ് തീം പൂർണമായും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ആലിയ ഭട്ടിന്‍റെ സാരിയിലുള്ള അറ്റയർ. അനിത ഷ്രോഫാണ് താരത്തെ സ്റ്റൈൽ ചെയ്‌തത്. ആലിയ തൻ്റെ മെറ്റ് ഗാല ലുക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇവൻ്റിലെ താരത്തിന്‍റെ തൻ്റെ രണ്ടാം വരവാണിത്. കഴിഞ്ഞ വർഷം, ഗൗൺ ധരിച്ചാണ് താരം മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചത്.
ALSO READ: ഫഹദിന്‍റെ 'ആവേശം' ഒടിടിയിലേയ്ക്ക്; സർപ്രൈസ് പ്രഖ്യാപനം