മലയാളി സിനിമാസ്വാദകർക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന്‍റെ പണിപ്പുരയിലാണ്. ഷാഹിദ് കപൂറാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യ സിനിമയിലെ നായകൻ. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോകളാണ് വൈറലാകുന്നത് (Rosshan Andrrews bollywood debut Deva).
റോഷൻ ആന്‍ഡ്രൂസ് തന്നെയാണ് കഴിഞ്ഞ ദിവസം ചിത്രങ്ങൾ പുറത്തുവിട്ടത്. ഷാഹിദ് കപൂറിന്‍റെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് സംവിധായകൻ ഫോട്ടോകൾ പങ്കുവച്ചത്. സിനിമാ ചിത്രീകരണത്തിനിടെയിൽ പകർത്തിയ അപൂർവ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലായി.
'എന്‍റെ പ്രിയപ്പെട്ട സഹോദരൻ ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകൾ. എല്ലാ സംഭാഷണങ്ങൾക്കും നന്ദി... ചിരികൾ... തമാശകൾ... ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ, എന്‍റെ ദേവനായി താങ്കളെ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ട്! ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മികച്ച ഒരു വർഷം ആശംസിക്കുന്നു !!!'- ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് റോഷൻ ആന്‍ഡ്രൂസ് കുറിച്ചു.
'ദേവ' എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. ടൈറ്റിൽ റോളിൽ തന്നെയാണ് ഷാഹിദ് കപൂർ എത്തുന്നത്. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും ദേവ എന്നാണ് വിവരം.
അതേസമയം ആക്ഷനും ത്രില്ലും ഡ്രാമയും സസ്‌പെൻസും നിറഞ്ഞ ഈ സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ താൻ ഏറെ ആവേശഭരിതനാണെന്ന് ഷാഹിദ് നേരത്തെ പറഞ്ഞിരുന്നു. സീ സ്റ്റുഡിയോയുമായും സിദ്ധാർഥ് റോയ് കപൂറുമായും സഹകരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും മുമ്പ് ഹൈദർ, കാമിനി എന്നീ ചിത്രങ്ങളില്‍ അവരോടൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാഹിദ് പറഞ്ഞിരുന്നു.
റോഷൻ ആൻഡ്രൂസിന്‍റെ മലയാളം ഫിലിമോഗ്രഫി ഗംഭീരമാണെന്നും താരം കൂട്ടിച്ചേർത്തു. ദേവ സിനിമയുടെ ഭാഗമായി ഒരുപാട് മാസങ്ങൾ റോഷൻ ആൻഡ്രൂസിനൊപ്പം ഒരുമിച്ച് ചെലവഴിക്കാന്‍ സാധിച്ചെന്ന് പറഞ്ഞ ഷാഹിദ് 'ഇത്രയും മികച്ച സിനിമാറ്റിക് ചിന്താഗതിയുള്ള ആൾക്കൊപ്പം പ്രവർത്തിക്കാന്‍ കഴിയുന്നത് സന്തോഷകരമാണെന്നും വ്യക്തമാക്കിയിരുന്നു.
ആവേശകരവും വിനോദം നിറഞ്ഞതുമാണ് ദേവയുടെ കഥയെന്നും ഈ സിനിമ ജനങ്ങളിലേക്ക് എത്താൻ അധികം കാത്തിരിക്കാനാവില്ലെന്നും ഷാഹിദ് കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ 17 വര്‍ഷമായി വ്യത്യസ്‌തങ്ങളായ സിനിമകള്‍ മലയാളത്തില്‍ ഒരുക്കിയ സംവിധായകന്‍റെ ബോളിവുഡ് സിനിമ ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.