ഈ വർഷം ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് 'പുഷ്‌പ 2 ദ റൂൾ'. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ അഞ്ചിനാണ് 'പുഷ്‌പ 2 ദ റൂൾ' തിയേറ്ററുകളിൽ എത്തുക. പുഷ്‌പരാജ് കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കർട്ടൻ റൈസറായി നവംബര്‍ 17ന് ട്രെയിലറും റിലീസ് ചെയ്യും.
ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് രശ്‌മിക മന്ദാന. 'പുഷ്‌പ 2 ദ റൂളി'ന്‍റെ സെക്കൻഡ് ഹാഫ് ഡബ്ബിംഗ് ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഒരു മൈൻഡ് ബ്ലോവിംഗ് എക്‌സ്‌പീരിയൻസ് ആയിരിക്കും 'പുഷ്‌പ 2'യിലൂടെ പ്രേക്ഷകര്‍ക്ക് കിട്ടുന്നതെന്ന് രശ്‌മിക മന്ദാന.
"പുഷ്‌പ 2 ചിത്രീകരണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ആദ്യ പകുതിയുടെ ഡബ്ബിംഗ് തീർന്നു. ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിംഗ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്.
അക്ഷരാര്‍ത്ഥത്തിൽ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോവിംഗ് എക്‌സ്‌പീരിയൻസ് ആയിരിക്കും. എനിക്ക് കാത്തിരിക്കാൻ വയ്യ", രശ്‌മിക മന്ദാന ഡബ്ബിംഗ് സ്‌റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ആദ്യ ഭാഗം 'പുഷ്‌പ: ദ റൈസ്' ലോകമൊട്ടാകെയുള്ള ആരാധകര്‍ ഏറ്റെടുത്തിരുന്നു. രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.
ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ 'പുഷ്‌പ ദി റൈസ്' വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്‌മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്‌പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ 'പുഷ്‌പ 2' ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നു. 'പുഷ്‌പ ദ റൂൾ' ഡിസംബർ അഞ്ച് മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു.
ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകളും വിറ്റുപോയി. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിംഗ് മാമാങ്കത്തിന് പദ്ധതിയിടുകയാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ട റിപ്പോർട്ട്.
ആദ്യ ഭാഗം 'പുഷ്‌പ ദ റൈസ്' രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.
അല്ലു അർജുന് പുറമെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, ജഗപതി ബാബു, സുനിൽ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്‌ച്ച വിപ്ലവം തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്‌റ്റുകളും ടേണുകളും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സുകുമാർ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ് എന്നീ ബാനറുകളില്‍ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദേവി ശ്രീ പ്രസാദ് സംഗീതവും മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.
ഗാനരചയിതാവ് - ചന്ദ്ര ബോസ്, പ്രൊഡക്ഷൻ ഡിസൈനർ - എസ്. രാമകൃഷ്‌ണ - മോണിക്ക നിഗോത്രേ, സിഇഒ - ചെറി, മാർക്കറ്റിംഗ് ഹെഡ് - ശരത്ചന്ദ്ര നായിഡു, പിആർഒ - ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: ആവേശത്തോടെ ആരാധകര്‍; പുഷ്‌പ 2:ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു