മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് പ്രധാന കഥാപാത്രമായി പുതിയ ചിത്രം വരുന്നു. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന 'ഗോളം' എന്ന സിനിമയിലാണ് താരം നായകനായി എത്തുന്നത്. ഈ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നു. 'ഗോളം' മെയ് 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സസ്‌പെൻസ് മിസ്റ്ററി ത്രില്ലറായി അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, സണ്ണി വെയ്‌ൻ, ചിന്നു ചാന്ദിനി, അലൻസിയർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് നിർമാണം.
സംവിധായകനായ സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് ഗോളം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023ലെ മികച്ച കോസ്റ്റ്യൂമർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്‌മർ) സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്‌ണനാണ് ഈ സിനിമയുടെ വസ്‌ത്രാലങ്കാരം നിർവഹിക്കുന്നത്. സസ്‌പെൻസ് ത്രില്ലർ ചിത്രം 'ഇരട്ട'യുടെ ഛായാഗ്രാഹകനായിരുന്ന വിജയ് ആണ് ഗോളത്തിനായി ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. നിമിഷ് താനൂർ ആണ് കലാസംവിധാനം നിർവഹിക്കുന്നത്.
വിനായക് ശശികുമാറിന്‍റെ വരികൾക്ക് നവാഗതനായ എബി സാൽവിൻ തോമസാണ് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും സാൽവിൻ തോമസ് തന്നെ. മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ് ബുവനേന്താണ് ഗോളത്തിന്‍റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ഉദയ് രാമചന്ദ്രൻ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, കാസ്റ്റിങ് ഡയറക്‌ടർ - ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രതീഷ് കൃഷ്‌ണ, മേക്കപ്പ് - രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽസ് - ജസ്റ്റിൻ വർഗീസ്, ശബ്‌ദമിശ്രണം - വിഷ്‌ണു ഗോവിന്ദ്, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടിവിറ്റി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഗോളം സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ്' സിനിമ ഇനി യൂട്യൂബിലും കാണാം