എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റിയുടെ വ്യക്തമായ ശുപാർശ ഉള്ളപ്പോൾ സിനിമ കോൺക്ലേവ് എന്തിനാണെന്നുള്ള ചോദ്യവുമായി നടി രഞ്ജിനി. കുറച്ച് സമയം മുമ്പ് തന്‍റെ സോഷ്യൽ മീഡിയ ഹാന്‍റിലിലൂടെയാണ് രഞ്ജിനി അഭിപ്രായം കുറിച്ചിട്ടത്. സോഷ്യൽ മീഡിയയിൽ ഞാൻ കുറച്ചിരിക്കുന്നത് അർഥവത്തായ വാക്കുകളാണെന്നും പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നു എന്നും രഞ്ജിനി ഇടിവി ഭാരതിനോട് പറഞ്ഞു.
ഹേമ കമ്മിറ്റി കണ്ടെത്തിയ വിവരങ്ങൾ ശക്തമാണ്. അതിന്മേലുള്ള അന്വേഷണവും ശുപാർശകൾ നടപ്പിലാക്കാനുള്ള വ്യഗ്രതയുമാണ് സർക്കാർ കാണിക്കേണ്ടത്. അല്ലാതെ പുതിയൊരു സിനിമ നയ രൂപീകരണത്തിന് പണവും സമയവും കളയേണ്ടതില്ലെന്നും രഞ്ജിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയ സിനിമ പ്രവർത്തകരിൽ ഒരാളാണ് രഞ്ജിനി. കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരരുത് എന്നുള്ള തരത്തിൽ മുമ്പ് രഞ്ജിനി കോടതിയെ സമീപിച്ചിരുന്നു. തന്‍റെ മൊഴിയടക്കം പല ഇരകളുടെയും പേര് സമൂഹത്തിൽ പരസ്യപ്പെടുത്തരുത് എന്നുള്ള ഉദ്ദേശശുദ്ധിയാണ് അതിന് പിന്നിൽ എന്നും രഞ്ജിനി നേരത്തെ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.
ഇന്ന് (സെപ്‌റ്റംബർ 7) കൊച്ചിയിൽ സംസ്ഥാന സർക്കാർ രൂപം കൊടുത്ത സിനിമ നയ രൂപീകരണ സമിതി യോഗം ചേരുന്നതിനിടെയാണ് രഞ്ജിനി, എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു കോൺക്ലെവ് എന്ന രീതിയിലുള്ള പ്രതികരണം തന്‍റെ ഫേസ്ബുക്കിലൂടെ നടത്തിയത്.