നാളേറെയായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന രാം ചരണ്‍ ചിത്രമാണ് 'ഗെയിം ചേഞ്ചര്‍'. നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ഗെയിം ചേഞ്ചര്‍' ടീസര്‍ ഇന്ന് റിലീസ് ചെയ്യും. ലഖ്‌നൗവില്‍ നടക്കുന്ന പ്രൗഡഗംഭീര ചടങ്ങിലാകും 'ഗെയിം ചേഞ്ചര്‍' ടീസര്‍ റിലീസ്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ടീസര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടീസര്‍ റിലീസിന് മുന്നോടിയായി ടീസര്‍ വരവറിയിച്ച് സംഗീത സംവിധായകന്‍ തമന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ടീസറില്‍ നിന്നുള്ള ചെറിയൊരു ക്ലിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. "ഗെയിം ചേഞ്ചര്‍ ടീസർ ഒരുങ്ങിക്കഴിഞ്ഞു. ഒരു പുതിയ റെക്കോർഡ് സൃഷ്‌ടിക്കാൻ ഈ ബ്ലാസ്‌റ്റിംഗ് പ്രെമോ ആസ്വദിക്കൂ."-ഇപ്രകാരമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ടീസര്‍ റിലീസിന് മുന്നോടിയായി കിയാര അദ്വാനിയും ഒരു പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സ്‌കൈ ബ്ലൂ നിറമുള്ള മെര്‍മെയ്‌ഡ് ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കിലുള്ള ഒരു ചിത്രമാണ് കിയാര തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചത്. പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് താരത്തിന്‍റെ പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന തെലുഗു ചിത്രം 'ഗെയിം ചേഞ്ചര്‍' സംക്രാന്തി റിലീസായി ജനുവരി 10നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന കാർത്തിക് സുബ്ബരാജാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
രാം ചരണിന്‍റെ നായികയായി ചിത്രത്തില്‍ കിയാര അദ്വാനിയാണ് വേഷമിടുക. ഇത് രണ്ടാം തവണയാണ് രാം ചരണും കിയാര അദ്വാനിയും ഒന്നിച്ചെത്തുന്നത്. ഇതിന് മുമ്പ് 2019ല്‍ ബോയപതി ശ്രീനു സംവിധാനം ചെയ്‌ത തെലുഗു ചിത്രം 'വിനയ വിധേയ രാമ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.