ചെന്നൈ: അടുത്തിടെയാണ് തന്‍റെ അച്ഛനായ രജനികാന്തിനെ സംഘിയായി മുദ്രകുത്തുന്നതിനെതിരെ മകൾ ഐശ്വര്യ രജനീകാന്ത് രംഗത്തെത്തിയത്. ഐശ്വര്യ സംവിധാനം ചെയ്‌ത പുതിയ ചിത്രം ലാൽ സലാമിൻ്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇവർ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ ഐശ്വര്യയുടെ പ്രസ്‌താവന വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത് (Rajinikanth Defends Daughter Aishwarya's 'Sanghi' Comment).
ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് താരം നയം വ്യക്തമാക്കിയത്. തൻ്റെ മകൾ 'സംഘി' എന്ന പദം നിഷേധാത്മകമായല്ല ഉപയോഗിച്ചതെന്ന് രജനീകാന്ത് വ്യക്തമാക്കി. 'എൻ്റെ മകൾ (ഐശ്വര്യ രജനീകാന്ത്) സംഘി എന്നത് ഒരു മോശം പദമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന തൻ്റെ പിതാവിനെ എന്തിനാണ് അങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവർ ചോദിച്ചത്'- രജനികാന്ത് പറഞ്ഞു.
ജനുവരി 26 നാണ് രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. രജനികാന്തും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ഐശ്വര്യ സംഘി പരാമർശം നടത്തിയത്. രജനികാന്ത് ഒരിക്കലും ഒരു സംഘിയല്ലെന്നും അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹം ലാൽ സലാം പോലൊരു സിനിമ ചെയ്യില്ലായിരുന്നു എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
തൻ്റെ പിതാവ് സോഷ്യൽ മീഡിയകളിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെ കുറിച്ചും അവർ ചൂണ്ടിക്കാട്ടി. "അടുത്ത കാലത്തായി പലരും എൻ്റെ അച്ഛനെ സംഘി എന്ന് വിളിക്കുന്നു. എന്നാൽ അതിൻ്റെ അർത്ഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് സംഘിയുടെ അർഥമെന്താണെന്ന് ഒരാളോട് ചോദിച്ചപ്പോഴാണ് അത് ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയെ പിന്തുണയ്‌ക്കുന്നവരെ വിളിക്കുന്നതാണെന്ന് മനസിലായത്.
ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രജനികാന്ത് ഒരു സംഘിയല്ല, അങ്ങനെ ആയിരുന്നെങ്കിൽ ലാൽ സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു'-ഐശ്വര്യ രജനികാന്തിന്‍റെ വാക്കുകൾ ഇങ്ങനെ.
അതേസമയം മകളുടെ പരാമർശം തനിക്ക് ചാർത്തിക്കിട്ടിയ 'അനാവശ്യ ലേബലിംഗി'നെ വെല്ലുവിളിക്കാനാണ് ഉദ്ദേശിച്ചതെന്നും 'സംഘി'യെ നിഷേധാത്മകമായി കാണിക്കാനല്ലെന്നും രജനികാന്ത് പ്രതികരിച്ചു. താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആത്മീയതയിലാണെന്നും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും താരം ഊന്നിപ്പറഞ്ഞു. നേരത്തെ അയോധ്യയിലെ 'പ്രാൺ പ്രതിഷ്‌ഠ' ചടങ്ങിൽ പങ്കെടുത്തതോടെ ഡിഎംകെയിൽ നിന്നുൾപ്പടെ കടുത്ത വിമർശനം രജനികാന്ത് നേരിട്ടിരുന്നു.