മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തിൽ തയ്യാറാക്കുന്ന കരാർ ഒപ്പിടണമെന്നാണ് നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും ഫെഫ്‌കയ്ക്കും നിർമ്മാതാക്കൾ കത്തയച്ചു.
സേവന വേതന കരാര്‍ ഇല്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടില്ലന്നും കത്തിൽ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ സിനിമകളിൽ തൊഴിലിൽ എർപ്പെടുന്നവരുടെയെല്ലാം കൃത്യമായ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമകൾ ആരംഭിക്കാനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ തീരുമാനമെന്ന് നിർമ്മാതാക്കളുടെ സംഘടന ഫെഫ്‌കയെ രേഖാമൂലം അറിയിച്ചു.
കോപ്പി റൈറ്റ് പ്രകാരം നടപ്പിലാക്കേണ്ട കരാറുകളുടെ കരട് ലഭ്യമാക്കിയതിനാൽ, അതിൻമേൽ വേറിട്ടുള്ള എന്തെങ്കിലും അഭിപ്രായം അറിയിക്കാൻ ഉണ്ടെങ്കിൽ സെപ്‌റ്റംബര്‍ 25നകം കത്ത് മുഖേന അറിയിക്കണമെന്നും സംഘടന അറിയിച്ചു.
സേവന വേതന കരാറിന്‍റെ അടിസ്ഥാനത്തിൽ മാത്രമെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കീഴിൽ രജിസ്‌റ്റർ ചെയ്യുന്ന സിനിമകള്‍ക്ക് ചിത്രീകരണത്തിന് അനുമതി നൽകുകയുള്ളൂ എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി രാകേഷ് വ്യക്തമാക്കി.