പ്രഭാസ് നായകനായെത്തിയ 'കൽക്കി 2898 എഡി' ബോക്‌സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്‌ത് വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 400 കോടിയിലധികം രൂപയാണ് കൽക്കി നേടിയത്. നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്.
മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കിയ 'കൽക്കി' ആഭ്യന്തര തലത്തിൽ 200 കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് വിവരം. 415 കോടി രൂപയാണ് ആഗോള കലക്ഷൻ. "ശക്തി തടയാനാവില്ല..." എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കളായ വൈജന്തി മൂവീസ് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ലോകമെമ്പാടുമുള്ള കലക്ഷൻ തുക പങ്കിട്ടത്.
പുരാണത്തിലെ ഇതിഹാസമായ മഹാഭാരതത്തെ സയൻസ് ഫിക്ഷനുമായി സംയോജിപ്പിക്കുന്ന 'കൽക്കി 2898 എഡി' തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ ജൂൺ 27-നാണ് ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. വൈജയന്തി മൂവീസ് നിർമിച്ച ഈ ബിഗ് ബജറ്റ് ചിത്രം ആദ്യ ദിനം 191.5 കോടി രൂപയാണ് നേടിയത്. വെള്ളിയാഴ്‌ച 107 കോടിയും ശനിയാഴ്‌ച 152.5 കോടിയും കലക്ഷൻ നേടി കൽക്കി ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചു.
നോർത്ത് അമേരിക്കയിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 9.4 ദശലക്ഷം യുഎസ് ഡോളർ ഇതിനോടകം ചിത്രം നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ് 'കൽക്കി 2898 എഡി' എന്നാണ് പറയപ്പെടുന്നത്. ദിഷ പടാനി, ശോഭന, അന്ന ബെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ദുൽഖർ സൽമാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ALSO READ: സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ സമ്മാനം; 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്