നിവിൻ പോളി - എബ്രിഡ് ഷൈൻ കൂട്ടുകെട്ടിന്‍റെ, തിയേറ്ററുകളിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച 'ആക്ഷൻ ഹീറോ ബിജു' സിനിമയ്‌ക്ക് രണ്ടാം ഭാഗം വരുന്നു (Action Hero Biju 2 announcement). നിവിൻ പോളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. 'ആക്ഷൻ ഹീറോ ബിജു'വിന്‍റെ എട്ടാം വാർഷികത്തിലാണ് താരത്തിന്‍റെ പ്രഖ്യാപനം (Nivin Pauly in Action Hero Biju 2).
കാത്തിരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞതോടെ ആരാധകരും ഏറെ ആവേശത്തിലായിരിക്കുകയാണ്. നിവിൻ പോളി എസ് ഐ ബിജു പൗലോസായി തകർത്ത ഈ സിനിമ ഒരു പൊലീസ് ഓഫിസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. പൊളിറ്റിക്കൽ കറക്‌ട്‌നസിന്‍റെ പേരിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും ബോക്‌സോഫിസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഈ ചിത്രത്തിനായി.
ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. ചെറുതും വലുതുമായി എത്രയെത്ര കേസുകളാണ് 'ആക്ഷൻ ഹീറോ ബിജു' തീർപ്പാക്കിയത്! തിയേറ്ററുകളിൽ ചില രംഗങ്ങൾ കല്ലുകടിയായെങ്കിലും രസിപ്പിക്കുന്ന, പൊട്ടിച്ചിരിയുടെ പെരുമഴ തീർത്ത ഒട്ടനവധി രംഗങ്ങളും ഈ സിനിമയുടെ മാറ്റ് കൂട്ടിയിരുന്നു.
നിരവധി പുതുമുഖങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ഇത്. ചെറിയ സീനുകളിൽ മാത്രം വന്നുപോയവർക്ക് പോലും സ്‌ക്രീനിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്താനായി. ഇപ്പോഴിതാ ഈ സിനിമയ്‌ക്ക് രണ്ടാം ഭാഗം വരുന്നതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. 'ആക്ഷൻ ഹീറോ ബിജു' ഇറങ്ങി എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറഞ്ഞാണ് നിവിൻ രണ്ടാം ഭാഗം അന്നൗൺസ് ചെയ്‌തത്.
2016 ഫെബ്രുവരി നാലിനായിരുന്നു 'ആക്ഷൻ ഹീറോ ബിജു'വിന്‍റെ റിലീസ്. നിവിന്‍റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിക്കാനും ഈ ചിത്രത്തിനായി. നിവിൻ പോളി തന്നെയായിരുന്നു ഈ ചിത്രം നിർമിച്ചതും. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം നിർമിക്കുന്നത്. ഏതായാലും സിനിമാപ്രേമികൾ വളരെ ആവേശത്തോടെ തന്നെയാണ് സ്വീക്വൽ വാർത്തയെ വരവേൽക്കുന്നത്.