നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ സംവിധായകനായ വിഘ്നേഷ് ശിവനും നായികയായ നയന്‍താരയും ഒട്ടും പ്രൊഫഷണലായ രീതിയിലല്ല പെരുമാറിയതെന്നും ഇരുവരുടെയും സെറ്റിലെ പ്രണയം കാരണം നിര്‍മാണ കമ്പനിക്ക് കോടികളുടെ രൂപ നഷ്‌ടം സംഭവിച്ചുവെന്നും നടനും നിര്‍മാതാവുമായ ധനുഷ് കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.
നാലു കോടി രൂപ ബഡ്‌ജറ്റിലാണ് നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വൈകി വരുന്നത് പതിവായി. മാത്രമല്ല നയന്‍താര ഉള്‍പ്പെട്ടെ രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിക്കാന്‍ തുടങ്ങി. സെറ്റിലെ മറ്റെല്ലാവരേയും വിഘ്നേഷ് അവഗണിക്കാന്‍ തുടങ്ങി. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഇതേ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന ബഡ്‌ജറ്റില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നു.
നാല് കോടിയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ചിത്രം വന്‍ വിജയമായി മാറുമായിരുന്നു. എന്നാല്‍ വളരെ കുറച്ച് ലാഭം മാത്രമാണ് നേടാനായത്. സംവിധായകന്‍ എന്ന നിലയില്‍ ഗുരുതരമായ വീഴ്‌ചയാണ് വിഘനേഷ് ശിവന്‍ വരുത്തിയിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൂടാതെ നെറ്റ്‌ഫ്ലിക്‌സിന് നല്‍കിയ ഡോക്യുമെന്‍ററിക്കായി നാനും റൗഡി താന്‍ സിനിമയുടെ ദൃശ്യങ്ങള്‍ രഹസ്യമായി വിട്ടുനല്‍കണമെന്ന് ധനുഷിന്‍റെ നിര്‍മാണ കമ്പനി വണ്ടര്‍ബാര്‍ ഡയറക്‌ടറെ വിളിച്ച് വിഘ്നേഷ് ആവശ്യപ്പെട്ടു. നോ ഒബ്ഷക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ് ധനുഷ് അറിയാതെ നല്‍കണമെന്നും വണ്ടര്‍ബാര്‍ ഡയറക്‌ടര്‍ പറയുന്നു.
എന്നാല്‍ എംഡിയായ ധനുഷ് അറിയാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. തുടര്‍ന്ന് വിഘ്നേഷ് ശിവന്‍ അസഭ്യം പറഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നയന്‍താര- ബിയോണ്ട് ദി ഫെയറി ടെയില്‍ ഡോക്യുമെന്‍ററിക്കെതിരെ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയന്‍താര വിഘ്നേഷ് ശിവന്‍ നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നാനും റൗഡി താന്‍ എന്ന സിനിമയുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് പകര്‍പ്പ് അവകാശം ലംഘിച്ച് എന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ് നയന്‍താരയ്ക്കെതിരെ നവംബര്‍ 27 നാണ് ഹര്‍ജി നല്‍കിയത്.