ആനന്ദ് ഏകർഷി എഴുതി സംവിധാനം ചെയ്‌ത് 2023-ല്‍ പുറത്തിറങ്ങിയ ആട്ടം ഇന്ത്യയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരം ലബ്‌ധിയിൽ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്‌ത കലാഭവൻ ഷാജോൺ ഇടിവി ഭാരതിനോട് സന്തോഷം പങ്കുവച്ചു. മികച്ച തിരക്കഥയ്ക്കും മികച്ച ചിത്രത്തിനു മടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ആട്ടം നേടിയെടുത്തത്.
പുരസ്‌കാരത്തെക്കുറിച്ച് അറിഞ്ഞ നിമിഷം തന്നെ ഈ ചിത്രത്തിന് അർഹിക്കുന്നതാണെന്ന ധാരണ ഉണ്ടായിരുന്നു. അങ്ങനെ പറയാൻ കാരണം ഈ ചിത്രത്തിന്‍റെ തിരക്കഥ വായിക്കുമ്പോൾ തന്നെ ഇതിൽ ഒരു മികച്ച ആശയം ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിയിരുന്നുവെന്ന് ഷാജോൺ പറഞ്ഞു.
'എന്‍റെ ജഡ്ജ്മെന്‍റ് തെറ്റിയില്ല എന്നുള്ള വലിയ സന്തോഷമാണ് ഇപ്പോൾ തോന്നുന്നത്. ആനന്ദ് ഏകർഷി എന്ന സംവിധായകന്‍റെ ഒരുപാട് നാളത്തെ അധ്വാനത്തിന്‍റെ ഫലമാണിത്. അദ്ദേഹത്തിന്‍റെ ആത്മാർത്ഥമായ കഷ്‌ടപ്പാടിനുള്ള ദൈവത്തിന്‍റെ പ്രതിഫലമാണ് ഈ പുരസ്‌കാരം. കാലഘട്ടത്തിനനുസരിച്ച് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ആട്ടം എന്ന സിനിമയെന്ന് തിരക്കഥ വായിക്കുമ്പോൾ തന്നെ ബോധ്യമുണ്ടായിരുന്നു' ഷാജോൺ കൂട്ടിച്ചേർത്തു.
സ്വാർത്ഥ താല്‌പര്യങ്ങൾക്ക് വേണ്ടി നേട്ടങ്ങളുടെ ശരിയും തെറ്റും മറക്കുന്ന ഒരു വിഷയമായിരുന്നു ചിത്രത്തിന്‍റേത്. പ്രധാന വേഷം കൈകാര്യം ചെയ്‌ത താനും നായിക സെറിൻ ശിഹാബും ഒഴികെ വിനയ് ഫോർട്ട് അടക്കമുള്ള ബാക്കി എല്ലാ ആർട്ടിസ്റ്റുകളും നാടകത്തിന്‍റെ പശ്ചാത്തലത്തിൽ നിന്നും വന്നവരാണ്. അവരുടെ പ്രകടന മൂല്യത്തിന്‍റെ ഫലം കൂടിയാണ് ഈ ദേശീയ പുരസ്‌കാരമെന്ന് കലാഭവൻ ഷാജോൺ പ്രതികരിച്ചു.