തെന്നിന്ത്യയിൽ 2023ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'ദസറ'. പ്രേക്ഷകപ്രിയ താരം നാനിയാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. നാനിയുടെ കരിയറിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു 'ദസറ'. ശ്രീകാന്ത് ഒഡെലയായിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം.
ഇപ്പോഴിതാ 'ദസറ' കോംബോ വീണ്ടും ഒന്നിക്കുകയായി. നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 33' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപനം ആഘോഷപൂർവമാണ് ആരാധകർ വരവേറ്റത്.
നാനി - ശ്രീകാന്ത് ഒഡെല കൂട്ടുകെട്ടിൽ മറ്റൊരു ഹിറ്റ് കൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശ്രീ ലക്ഷ്‌മി വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരിയാണ് 'നാനി 33' നിർമിക്കുന്നത്. വൻ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം.
സിനിമയുടെ അനൗൺസ്‌മെന്‍റ് പോസ്‌റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ദസറയ്‌ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമായാണ് നാനി എത്തുന്നത് എന്ന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്‌റ്റർ. വയലൻസും ചിത്രത്തിൽ മുഴച്ചുനിൽക്കുമെന്ന് പോസ്‌റ്റർ സൂചന തരുന്നുണ്ട്. കൂറ്റൻ താടിയുമായി വേറിട്ട ലുക്കിലാണ് നാനി പോസ്‌റ്ററിൽ. മീശ പിരിച്ച് മാസായാണ് താരത്തിന്‍റെ നിൽപ്പ്.
'ദസറ' എന്ന ചിത്രത്തിലൂടെ മികച്ച തുടക്കമാണ് ശ്രീകാന്ത് ഒഡെല നടത്തിയത്. ബോക്‌സ് ഓഫിസ് കളക്ഷനുപരി നിരൂപക പ്രശംസയും ഈ ചിത്രം നേടിയിരുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലയിൽ ശ്രീകാന്ത് ഒഡെലയ്‌ക്കും ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങാനായി. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു നാനിയെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
അതേസമയം ഈ കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഏതായാലും ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് 'നാനി 33' തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. പി ആർ ഒ - ശബരി.
Also Read: