മൈസൂരു (കർണാടക) : അജയ് ദേവ്ഗണിന്‍റെ പുതിയ ബോളിവുഡ് ചിത്രം 'മൈതാൻ' പ്രദർശിപ്പിക്കുന്നതിന് മൈസൂരു ജില്ല സെഷൻസ് കോടതിയുടെ സ്‌റ്റേ. കഥാകൃത്ത് അനിൽ കുമാർ മൈസൂർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതി സ്‌റ്റേ ഉത്തരവിട്ടത്.
മൈതാൻ എന്ന സിനിമയുടെ സംവിധായകനും കഥാകൃത്തും നിർമാതാവും തന്‍റെ കഥ കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് അനിൽ കുമാർ കോടതിയെ സമീപിച്ചത്. അനിൽ കുമാറിന്‍റെ ഹർജി പരിഗണിച്ച കോടതി മൈതാനന്‍ എന്ന സിനിമയുടെ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. കഥ കോപ്പിയടിച്ചെന്ന് കാണിച്ച് കോടതിയിൽ പരാതി നൽകിയെന്നും കേസ് പരിഗണിച്ച കോടതി പ്രദർശനത്തിന് വിലക്ക് ഏർപ്പടുത്തിയെന്നും കേസിന്‍റെ അടുത്ത വാദം ഏപ്രിൽ 24 ലേക്ക് മാറ്റിയെന്നും കഥാകൃത്ത് അനിൽ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'രാജ്യത്തെ ഫുട്ബോൾ കളിയുടെ ചരിത്രം പറയുന്ന കഥയാണ് 'മൈതാൻ'. 2019-ൽ മുംബൈയിൽ വച്ച് 'പടകണ്ഡുക' എന്ന സംസ്‌കൃത പേരിൽ ഞാനിതിന്‍റെ തിരക്കഥയെഴുതി. അന്ന് ബോളിവുഡ് നടൻ ആമിർ ഖാനോട് ഈ കഥയെ കുറിച്ച് പറയുകയും അസിസ്‌റ്റന്‍റ് ഡയറക്‌ടർ സുഖ്‌ദാസ് സൂര്യവൻഷി ഈ ചിത്രം നിർമിക്കുന്നതിനെ കുറിച്ച് സൂചന നൽകുകയും ചെയ്‌തു. അങ്ങനെയാണ് അവർക്ക് എന്നിൽ നിന്നും വിവരങ്ങൾ ലഭിച്ചത്' -എന്ന് അനിൽകുമാർ പറഞ്ഞു.
'ഇപ്പോൾ അജയ് ദേവ്ഗണിന്‍റെ ബോളിവുഡിലെ മൈതാനത്തിന്‍റെ പൂർണമായ ടീസറും എന്‍റെ ചിത്രത്തിന് സമാനമാണ്. അതുകൊണ്ട് എനിക്ക് മനസിലായി ഇതെന്‍റെ കഥയാണെന്ന്. ഈ പശ്ചാത്തലത്തിൽ മൈതാനിന്‍റെ സംവിധായകനും കഥാകൃത്തും നിർമാതാവും ചേർന്ന് കഥ കോപ്പിയടിച്ചെന്ന് കാണിച്ച് ഞാൻ കോടതിയിൽ പരാതി നൽകി. ഈ വിഷയത്തിൽ ഞാൻ നിയമപോരാട്ടത്തിന് പോകുകയാണ്' -അദ്ദേഹം പറഞ്ഞു.
'എന്‍റെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചിരിക്കുന്നുവെന്നത് മാത്രമല്ല, എന്‍റെ കഥ ആമിർ ഖാൻ എന്ന നടന് വേണ്ടി മാത്രമുള്ളതാണ്, മറിച്ച് മറ്റൊരു നായക നടനെ ഉപയോഗിച്ചതും എനിക്കെതിരെയാണ്. അതുകൊണ്ടാണ് ഈ സമരത്തിന് ഞാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്' -അനിൽകുമാർ പറഞ്ഞു.
ബേ വ്യൂ പ്രോജക്‌ട്‌സ് എൽഎൽപി ഹൈക്കോടതിയിലേക്ക് നീങ്ങും: ചിത്രത്തിന്‍റെ സഹനിർമാതാവായ ബേ വ്യൂ പ്രോജക്‌ട്‌സ് എൽഎൽപി എക്‌സിൽ ഒരു പ്രസ്‌താവന പുറത്തിറക്കി. സിനിമയുടെ റിലീസിന് ശേഷം സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ജില്ല ജഡ്‌ജിയുടെ ഉത്തരവിന്‍റെ പകർപ്പ് ഇപ്പോൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും. ഈ ഉത്തരവിനെതിരെ തങ്ങൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു. ഇന്നലെയാണ് അമിത് ശർമ സംവിധാനം ചെയ്‌ത മൈതാന്‍ തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്.