മലയാളത്തില്‍ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയും സംഘവും. 'മുറിജിനല്‍സ്' എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം ചേർന്ന് വിവിധ ജോണറുകളിലായുള്ള ആൽബവുമായാണ് മു.രി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന മുഹ്‌സിന്‍ പരാരി എത്തുന്നത്. ഈ ആല്‍ബത്തിന്‍റെ ആദ്യ വോള്യത്തില്‍ നിന്നുള്ള ആദ്യ ഗാനം പുറത്തിറങ്ങി.
സിതാര കൃഷ്‌ണകുമാറാണ് 'ജിലേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനം കമ്പോസ് ചെയ്‌തതും ആലപിച്ചതും. മുഹ്‌സിന്‍ പരാരിയുടേതാണ് വരികൾ. ഇല്ലുസ്‌ട്രേഷനിലും അനിമേഷനിലും ഒരുക്കിയ മനോഹര ദൃശ്യങ്ങളാണ് ഈ ഗാനം പശ്ചാത്തലമാക്കുന്നത്. നേഹ അയ്യൂബാണ് ഇതിന് പിന്നിൽ.
അതേസമയം മലയാളത്തില്‍ ആദ്യമായിട്ടാണ് സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തില്‍ ഒരു കൂട്ടായ്‌മ ഉണ്ടാവുന്നത്. മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്‌മ പിറവിയെടുത്തത്. മുഹ്‌സിന്‍ പരാരിക്കൊപ്പം സിതാര കൃഷ്‌ണകുമാര്‍, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്‌ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജഹാന്‍, ഡി ജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍, ദാബ്‌സി തുടങ്ങിയ കലാകാരന്മാര്‍ മുറിജിനല്‍സിനായി കൈകോർക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
ദി റൈറ്റിങ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന 'മുറിജിനല്‍സ്' വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങൾ ഉൾപ്പെടുത്തിയിരിട്ടുണ്ട്. ഗാനങ്ങളില്‍ ചിലത് വീഡിയോ രൂപത്തിലും പുറത്തിറങ്ങും. യൂട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാവും.