നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഞ്ചാംവേദം'. ടി എം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. മാർച്ച് 1ന് 'അഞ്ചാംവേദം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും (Anjaamvedham Movie Release).
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഒരു മൾട്ടി ജോണർ സിനിമയാണ് 'അഞ്ചാംവേദം' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കുരിശുമല എന്ന ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. കുരിശുമലയിലെ സത്താർ, സാഹിബ, അഷ്‌റഫ് എന്നിവരുടെ കഥയാണ് 'അഞ്ചാംവേദം' പറയുന്നത്.
ഒരു കൊലപാതകവും തുടർന്ന് നടക്കുന്ന ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. സസ്‌പെൻസ് ത്രില്ലിംഗ് ദൃശ്യാനുഭവവും അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. സമൂഹത്തിലെ ജാതി, മത, രാഷ്‌ട്രീയ സാഹചര്യങ്ങളെ തന്മയത്തോടെ കോർത്തിണക്കിയ ആക്ഷേപഹാസ്യ സിനിമ കൂടിയാണ് 'അഞ്ചാംവേദം'.
'വേഷം, ഭാഷ, ചിന്തകൾ, ആരാധന രീതികൾ എന്നിവയെല്ലാം കൊണ്ട് നാം വിഭിന്നരാണെങ്കിലും സകല ജാതി - മത - രാഷ്‌ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യർ പരസ്‌പരം സ്‌നേഹിക്കുവാൻ പഠിക്കുക' എന്ന സന്ദേശമാണ് ഈ സിനിമ കൈമാറുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലാണ് പ്രധാനമായും ഈ സിനിമയുടെ ഷൂട്ടിങ് നടന്നത്.
പുതുമുഖമായ വിഹാൻ വിഷ്‌ണു ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. 'അറം' എന്ന നയൻതാര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്‌മിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സുനു ലക്ഷ്‌മിയുടെ ആദ്യ മലയാള ചിത്രമാണ് 'അഞ്ചാംവേദം'. തമിഴിലെ സജിത്ത് രാജ് എന്ന മറ്റൊരു താരവും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.' കോളജ് ഡേയ്‌സ്', 'പ്രമുഖൻ' തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പരിചിതനാണ് സജിത്ത് രാജ്.
അമർനാഥ് ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. സാഗർ അയ്യപ്പനാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ജോജി തോമസ് ആണ്.
റഫീഖ് അഹമ്മദ് പ്രകൃതിയെ വർണിച്ചുകൊണ്ടെഴുതിയ ഗാനരംഗങ്ങൾ പൂർണമായും വിഷ്വൽ എഫക്‌ട്‌സ് ടെക്‌നോളജിയിലാണ് നിർമിച്ചത്. എഐയുടെ നൂതന സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ ഗാനം ഒരുക്കിയത്. ബിനീഷ് രാജാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചത്. തമിഴിൽ രണ്ട് സിനിമകൾ കഥയെഴുതി സംവിധാനം ചെയ്‌ത ബിനീഷ് രാജിന്‍റെ മലയാള അരങ്ങേറ്റമാണിത്. 'അഞ്ചാംവേദ'ത്തിൽ സഹസംവിധായാകനായും ഇദ്ദേഹം പ്രവർത്തിച്ചു.
ഹരിരാജ ഗൃഹയാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. വിഷ്‌ണു വി ദിവാകരനാണ് അഞ്ചാം വേദത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയത്. പ്രൊജക്റ്റ് ഡിസൈനർ - രാജീവ് ഗോപി, പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകർ, ആർട്ട് - രാജേഷ് ശങ്കർ, കോസ്റ്റ്യൂംസ് - ഉണ്ണി പാലക്കാട്, മേക്കപ്പ് - സുധി കട്ടപ്പന, അസോസിയേറ്റ് ഡയറക്‌ടർ - ബാലു നീലംപേരൂർ, ആക്ഷൻ - കുങ്ഫു സജിത്ത്, പി ആർ ഒ - എം കെ ഷെജിൻ.