മോഹന്‍ലാല്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന മെഗാ ബജറ്റ് ത്രിഡി ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഈ ഫാന്‍റസി ഡ്രാമയില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകനായി ടൈറ്റില്‍ റോളില്‍ എത്തുന്നതും. പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് 'ബറോസ്'.
സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ബറോസി'ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ 'കങ്കുവ' ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. 'കങ്കുവ'യുടെ ഇടവേളയിലാണ് 'ബറോസി'ന്‍റെ ത്രിഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്.
'ബറോസ്' ട്രെയിലറിന് അതിഗംഭീര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷ്വല്‍ ട്രീറ്റ് ഉറപ്പുതരുന്നതാണ് ട്രെയിലര്‍. 'ബറോസ്' ട്രെയിലര്‍ ക്വാളിറ്റിയും മികച്ച് നില്‍ക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
Watched #Barroz Trailer In 3D!!
— Abin Babu 🦇 (@AbinBabu2255) November 14, 2024
Just Just KIDUUUU, Quality Frames & TOP NOTCH 🙏🏻🥹🔥
Director #Mohanlal 🛐pic.twitter.com/goETmBuqsY
ഈ ദൃശ്യാനുഭവത്തെ പ്രശംസിക്കാൻ ആരാധകര്‍ സോഷ്യൽ മീഡിയയിൽ ഒഴുകിയെത്തി. ട്രെയിലറിന് പിന്നാലെ ചിത്രം ഉടൻ തിയേറ്ററുകളിൽ കാണാനുള്ള ആവേശവും ആരാധകര്‍ പ്രകടിപ്പിച്ചു. ട്രെയിലറില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'ബറോസി'ൻ്റെ ആദ്യ കാഴ്‌ച്ചയെ അടയാളപ്പെടുത്തുന്ന ഹ്രസ്വ ട്രെയിലറിൽ ആരാധകർ സന്തോഷം പ്രകടിപ്പിച്ചു.
സിനിമയിലെ സാങ്കേതിക മികവിന് മോഹൻലാലിനെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല. "ബറോസ് ട്രെയിലർ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ഗുണനിലവാരവും! ഉയർന്ന നിലവാരം. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു."-ഇപ്രകാരമായിരുന്നു ഒരു ഉപയോക്‌താവിന്‍റെ കുറിപ്പ്.
ട്രെയിലര്‍ റിലീസില്‍ 'ബറോസ്' റിലീസ് തീയതിയും വെളിപ്പെടുത്തി. ഡിസംബര്‍ 25ന് ക്രിസ്‌മസ് റിലീസായാണ് 'ബറോസ്' തിയേറ്ററുകളില്‍ എത്തുക. പ്രശസ്‌ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ബറോസിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഈ ദൃശ്യവിരുന്നും കാഴ്‌ച്ചക്കാരില്‍ കൊടുങ്കാറ്റായി മാറുമെന്നാണ് പ്രതീക്ഷ. പ്രശസ്‌ത കലാസംവിധായകന്‍ സന്തോഷ് രാമനാണ് ചിത്രത്തിന് വേണ്ടി സെറ്റുകള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
2019ലായിരുന്നു ഫാന്‍റസി സ്വഭാവമുള്ള 'ബറോസി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം. 2021 മാര്‍ച്ച് 24ന് സിനിമയുടെ ഒഫീഷ്യല്‍ ലോഞ്ചും നടന്നു. 400 വർഷമായി വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി സംരക്ഷിക്കുന്ന 'ബറോസ്', അതിന്‍റെ യഥാര്‍ഥ അവകാശിക്ക് നിധി കൈമാറാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം.
വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി കാക്കുന്ന കാവല്‍ക്കാരനായ 'ബറോസി'ന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ഗെറ്റപ്പിലാണ് 'ബറോസി'ല്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
Also Read: റിലീസിന് മുമ്പേ ബറോസ് കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍? - Mohanlal reveal Barroz story