മലയാളത്തിന്‍റെ നടനവിസ്‌മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും അഭിനിവേശത്തിന് ഒട്ടും കുറവില്ല. സിനിമ ലോകത്തെ വിസ്‌മയിപ്പിച്ചുകൊണ്ടു കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ എന്നും പിറവിയെടുത്തുകൊണ്ടേയിരുന്നു.
ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്‍മാടയിലെ മാടയും വാത്സല്യത്തിലെ രാഘവനും അങ്ങനെ എത്രയെത്ര വേഷങ്ങള്‍. അഭിനയ ജീവിതത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മലയാള സിനിമ ലോകവും ആരാധകരും.
പതിവുപോലെ അര്‍ധരാത്രി കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ഇത്തവണ ചെന്നൈയില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. ദുല്‍ഖറിനും കൊച്ചുമകള്‍ മറിയത്തിനും കേക്ക് നല്‍കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയ ആരാധകരെയും മമ്മൂട്ടി നിരാശരാക്കിയില്ല. കൃത്യം 12 മണിക്ക് തന്നെ വീഡിയോ കോളില്‍ എത്തി ആരാധകര്‍ക്കൊപ്പം മെഗാസ്റ്റാര്‍ സന്തോഷം പങ്കിട്ടു. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം താരം കുടുംബത്തിനോടൊപ്പം വിദേശത്തേക്ക് പോകും. ഏകദേശം ഇരുപത് ദിവസത്തോളം അവധി ആഘോഷിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.
1971 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്‌ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലാണ് ആദ്യമായി മമ്മൂട്ടി വേഷമിടുന്നത്. 1973 ല്‍ കെ നാരായണന്‍ സംവിധാനം ചെയ്‌ത 'കാലചക്ര'ത്തിലും അപ്രധാനവേഷങ്ങള്‍ ചെയ്‌തു. 1980 ല്‍ ആസാദ് സംവിധാനം ചെയ്‌ത 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' ആയിരുന്നു മമ്മൂട്ടി എന്ന പേര് മലയാളിയ്‌ക്ക് സുപരിചിതമാക്കിയത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് അങ്ങനെ പല ഭാഷകള്‍. പ്രായം എന്നത് മമ്മൂട്ടിക്ക് മുന്നില്‍ വെറും അക്കങ്ങള്‍ മാത്രമായി മാറി. അദ്ദേഹത്തിന്‍റെ മനസിനും ശരീരത്തിനും എന്നും ചെറുപ്പം തന്നെയാണ്. അഭിനയ ജീവിതത്തില്‍ വേഷങ്ങളുടെ വൈവിധ്യങ്ങള്‍ തീര്‍ത്ത് മുന്നോട്ട് കുതിക്കുമ്പോള്‍ തന്നിലെ നടനെ രാകിമിനുക്കിക്കൊണ്ടേയിരിക്കുകയാണ് താരം.