പക്കാ മാസ് എന്‍റർടെയിനറെന്ന് അടിവരയിട്ട് മമ്മൂട്ടിയുടെ 'ടർബോ' ട്രെയിലർ എത്തി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിലാകെ ജോസച്ചായന്‍റെ തേരോട്ടം തരംഗമായി കഴിഞ്ഞു.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ 12 മണിക്കൂർ കൊണ്ട് സ്വന്തമാക്കിയത് 23 ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ്. തീപാറുന്ന ആക്ഷൻ രംഗങ്ങൾ 'ടർബോ'യിൽ ഉടനീളമുണ്ടാകുമെന്ന് ട്രെയിലർ ഉറപ്പ് തരുന്നു. ഒപ്പം ബിഗ് സ്‌ക്രീനിൽ മലയാളത്തിന്‍റെ അഭിമാന താരം മമ്മൂട്ടി ഒരിക്കൽ കൂടി ഞെട്ടിക്കുമെന്നും ഉറപ്പ്.
- " class="align-text-top noRightClick twitterSection" data="">
കന്നഡ താരം രാജ് ബി ഷെട്ടിയും ട്രെയിലറിൽ കയ്യടി വാങ്ങുന്നുണ്ട്. പ്രതിനായകനായാണ് 'ടർബോ'യിൽ രാജ് ബി ഷെട്ടി എത്തുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. മികച്ച സിനിമകൾ കൊണ്ടും പ്രകടനംകൊണ്ടും തെന്നിന്ത്യയുടെയാകെ മനം കവർന്ന രാജ് ബി ഷെട്ടി മലയാള അരങ്ങേറ്റം ഗംഭീരമാക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
2 മിനിറ്റ്, 13 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ 'ടർബോ ജോസ്' എന്ന മമ്മൂട്ടി കഥാപാത്രത്തിന്‍റെ 'റേഞ്ച്' കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. അപ്പോഴാണ് രാജ് ബി ഷെട്ടിയുടെ 'വെട്രിവേലി'ന്‍റെ വരവ്. നായകന് കനത്ത വെല്ലുവിളിയാകുന്ന വില്ലൻ തന്നെയാകും വെട്രിവേലെന്ന് ട്രെയിലർ അടിവരയിടുന്നു. തെലുഗു നടൻ സുനിലും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
2022ൽ പുറത്തിറങ്ങിയ 'ഭീഷ്‌മ പർവ്വം' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന വമ്പൻ മാസ് എന്‍റർടെയിനർ കൂടിയാണ് 'ടർബോ'. 'പോക്കിരി രാജ, മധുര രാജ' എന്നിവയ്‌ക്ക് ശേഷം സംവിധായകൻ വൈശാഖിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിയറ്റ്നാം ഫൈറ്റേർസാണ് 'ടർബോ'യുടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. വിഷ്‌ണു ശർമ്മയാണ് ഛായാഗ്രാഹകൻ. ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, ആക്ഷൻ ഡയറക്‌ടർ : ഫീനിക്‌സ് പ്രഭു, കോസ്റ്റ്യൂം ഡിസൈനർ : മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് : റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, സഹസംവിധാനം : ഷാജി പടൂർ, പ്രൊഡക്ഷൻ കൺട്രോളർ : ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രാജേഷ് ആർ കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്‌ണു സുഗതൻ എന്നിവരാണ് 'ടർബോ'യുടെ മറ്റ് അണിയറ പ്രവർത്തകർ.