മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി (Turbo second look poster out). മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന ഒപ്പം കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൊലീസ് ലോക്കപ്പിന് പുറത്തിരിക്കുകയാണ് പോസ്റ്ററിൽ മമ്മൂട്ടിയുടെ കഥാപാത്രമായ 'ടർബോ ജോസ്' (Mammootty starrer Turbo).
ഏതായാലും സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഇരട്ടി മധുരമായിരിക്കുകയാണ് പോസ്റ്റർ. സമീപകാലത്ത് വേറിട്ട പ്രകടനങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആവേശത്തിലാക്കുന്ന മമ്മൂട്ടി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. മമ്മൂട്ടി കമ്പനിയാണ് ഈ ബിഗ് ബജറ്റ് മാസ് ആക്ഷൻ കോമഡി ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് 'ടർബോ'. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ഈ ചിത്രത്തിന്‍റെ കേരളാ ഡിസ്‌ട്രിബ്യൂഷൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് പാർട്‌ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
വമ്പൻ താരനിരയാണ് 'ടർബോ'യിൽ അണിനിരക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്. പ്രേക്ഷകർ ആഗ്രഹിക്കുന്ന നിലയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിയറ്റ്നാം ഫൈറ്റേർസാണ് ടർബോയിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഒരു മലയാള സിനിമയ്‌ക്ക് സംഘട്ടനം ഒരുക്കാൻ വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്‌ചയായതിനാൽ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ്.
അതേസമയം 'ടർബോ'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ജോർജ് സെബാസ്റ്റ്യൻ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിഷ്‌ണു ശർമ്മയാണ്. 'ടർബോ'യുടെ ചിത്രസംയോജനം ഷമീർ മുഹമ്മദും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, കോ ഡയറക്‌ടർ - ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.
ALSO READ: 'ടർബോ' ചിത്രീകരണം പൂർത്തിയായി ; മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം