ഒടുവിൽ മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ടർബോ'യുടെ റിലീസ് തീയതി പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ' ജൂൺ 13ന് തിയേറ്ററിൽ എത്തും.
'ടർബോ' സിനിമയുടെ മേജർ അപ്ഡേറ്റ് വിഷു ദിനത്തിൽ വരുമെന്ന് അണിയറ പ്രവർത്തകർ അടുത്തിടെ അറിയിച്ചിരുന്നു. അന്ന് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കി, അവരുടെ ഊഹാപോഹങ്ങൾ ശരിവച്ചുകൊണ്ട് റിലീസ് തീയതി എത്തിയിരിക്കുകയാണ്.
'ജോസ് എന്ന കഥാപാത്രത്തെയാണ് 'ടർബോ'യിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയാണ്. തെലുഗു നടന്‍ സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും മമ്മൂട്ടിക്കൊപ്പം 'ടർബോ'യിൽ നിർണായക വേഷങ്ങളിലുണ്ട്. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'ടര്‍ബോ'യ്‌ക്ക്.
വിയറ്റ്നാം ഫൈറ്റേർസാണ് ഈ ചിത്രത്തിന്‍റെ ആക്ഷന്‍ കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ആക്ഷന്‍ - കോമഡി ത്രില്ലര്‍ ജോണറിലെത്തുന്ന 'ടര്‍ബോ'യുടെ തിരക്കഥാകൃത്ത്. 'മധുരരാജ'യ്‌ക്ക് ശേഷം മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നതും പ്രതീക്ഷയോടെയാണ ആരാധകർ നോക്കിക്കാണുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിനാൽ 'ടർബോ'യുടെ ഹൈപ്പും കൂടിയിട്ടുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ കേരള ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത് വേഫറർ ഫിലിംസ് ആണ്. ഈ സിനിമയുടെ ഓവർസീസ് പാർട്‌ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
ജസ്റ്റിൻ വർഗീസാണ് ഈ മമ്മൂട്ടി ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. വിഷ്‌ണു ശർമ്മയാണ് ക്യാമറാമാൻ. ഈ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.
പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, കോ ഡയറക്‌ടർ - ഷാജി പാദൂർ,മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'മൃഗം കാണുമ്പോൾ കുഴപ്പമില്ല, ചിറ്റാ കണ്ടാൽ അസ്വസ്ഥത'; വിമർശനങ്ങൾക്ക് സിദ്ധാർഥിന്‍റെ മറുപടി