കളക്ഷനിൽ റെക്കോഡിട്ട് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'. നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും 'ടർബോ' വാരിക്കൂട്ടിയത് 52.11 കോടി രൂപയാണ്. എഴുപതോളം രാജ്യങ്ങളിലായിരുന്നു വൈശാഖ് സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസിനെത്തിയത്.
സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ഇനി 'ടർബോ'യ്‌ക്ക് സ്വന്തം. ആദ്യ ദിവസം മുതൽ തന്നെ റെക്കോഡുകൾ തീർത്തുകൊണ്ടാണ് 'ടർബോ'യുടെ ജൈത്രയാത്ര. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ഈ ചിത്രം വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ 'ടർബോ' സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 അധിക ഷോകളും മൂന്നാം ദിനം 160ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്‌സ്ട്രാ ഷോകളുമാണ് കേരളത്തിൽ 'ടർബോ'യ്‌ക്കായി ചാർട്ട് ചെയ്‌തിരുന്നത്. ഇതുവരെ കാണാത്ത, മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും 'ടർബോ' തിയേറ്ററുകളിൽ തീ പടർത്തി.
'ടർബോ ജോസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ടർബോ ജോസിന്‍റെ ക്വിന്‍റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. 2 മണിക്കൂർ 32 മിനിറ്റാണ് ഈ സിനിമയുടെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിർമാണം. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്‍റെ വിതരണം വേഫറർ ഫിലിംസും ഓവർസീസ് ഡിസ്‌ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനി നിർമിച്ച അഞ്ചാമത്തെ സിനിമ കൂടിയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥ പറഞ്ഞ ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്.
ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് 'ടർബോ. സിനിമ കാണാൻ ഇപ്പോഴും തിയേറ്ററുകളിലേക്ക് പ്രേക്ഷകർ ഒഴുകിയെത്തുകയാണ്.
ALSO READ: 'ധടക് 2' പ്രഖ്യാപിച്ച് കരൺ ജോഹർ ; സിദ്ധാന്ത് ചതുർവേദിയും തൃപ്‌തി ദിമ്രിയും പ്രധാന വേഷങ്ങളിൽ