മോഹൻലാലിന്‍റെ 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ നിറഞ്ഞോടവേ ചർച്ചയായി മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'വും. പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന 'ഭ്രമയുഗ'ത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നു. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Mammootty starrer Bhramayugam to release on February 15, 2024).
ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. പഴയ ഒരു തറവാടിന്‍റെ അകത്തളത്തിൽ ചാരുകസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. വേറിട്ട ഭാവത്തിലും രൂപത്തിലും മമ്മൂട്ടി തിളങ്ങുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത് (Bhramayugam New Poster).
- " class="align-text-top noRightClick twitterSection" data="">
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ കാരക്‌ടർ പോസ്റ്ററുകളും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഹൊറർ ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനൊപ്പം മമ്മൂട്ടിയും കൈകോർക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ് എന്നിവരാണ് 'ഭ്രമയുഗ'ത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ ആണ് ചിത്രത്തിന്‍റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും 'ഭ്രമയുഗ'ത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന 'ഭ്രമയുഗം' നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ കയ്യടി നേടിയിരുന്നു.
ഷെഹ്‌നാദ് ജലാലാണ് 'ഭ്രമയുഗ'ത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലിയും കൈകാര്യം ചെയ്യുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.